മനാമ: ലൈസൻസില്ലാത്ത റസ്റ്റാറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ റിപ്പയർ ഷോപ്പുകൾ, വെയർഹൗസുകൾ എന്നിവക്കെതിരെ കർശന നടപടിയെടുത്ത് അധികൃതർ. സതേൺ ഗവർണറേറ്റിലെ അൽ ലഹ്സി (നേരത്തേ സിത്ര റൗണ്ട് എബൗട്ട് ഇൻഡസ്ട്രിയൽ സോൺ എന്നറിയപ്പെട്ട സ്ഥലം)യിലാണ് വ്യവസായ വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.
ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളാണ് പൂട്ടിയത്. ബിസിനസുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ നടപ്പാക്കാനും അനുയോജ്യ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമായാണ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ സ്റ്റോറുകൾ പ്രവർത്തിക്കുന്നതായും ചില സ്ഥാപനങ്ങളിൽ അനധികൃതമായി ഒന്നിലധികം വാണിജ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും കണ്ടെത്തി.
സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, ദേശീയത, പാസ്പോർട്ട്, താമസക്കാര്യങ്ങൾ, ആരോഗ്യ മന്ത്രാലയം, സതേൺ മുനിസിപ്പാലിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്.
അശാസ്ത്രീയ ചില്ലറവ്യാപാരത്തിനെതിരെ മന്ത്രാലയം മുമ്പും നടപടി സ്വീകരിച്ചിരുന്നു. പെർമിറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന പെറ്റ് സപ്ലൈ സ്റ്റോർ, വസ്ത്രവിൽപനശാല എന്നിവക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം വസ്ത്രങ്ങൾ വിൽക്കാൻ ലൈസൻസുള്ള സ്ഥാപനത്തിൽനിന്ന് കേടായ ഫ്രോസൺ ചിക്കനടക്കം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.