മസ്കത്ത്: അൽ ബുറൈമി ഗവർണറേറ്റിലെ സയൻസ് ആൻഡ് ഇന്നവേഷൻ സെന്ററിന്റെ നിർമാണം 60 ശതമാനത്തിലധികം പൂർത്തിയായതായി അധികൃതർ. വിദ്യാഭ്യാസ മന്ത്രാലയം, ഒമാൻ ഓയിൽ, ഓർപിക് ഗ്രൂപ്, ജുസൂർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി 50,000 ഒമാൻ റിയാൽ ചെലവിൽ നിർമിക്കുന്നതാണ് കേന്ദ്രം. വിദ്യാർഥികളിൽ ശാസ്ത്ര സംസ്കാരം വളർത്തിയെടുക്കുന്നതും കമ്പ്യൂട്ടർ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി രൂപപ്പെടുത്തിയത്. കേന്ദ്രത്തിന്റെ ആകെ വിസ്തീർണം 1,500 ചതുരശ്ര മീറ്ററാണ്.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ലാബുകൾ, സയൻസ് തിയറ്റർ, പ്ലാനറ്റോറിയം എന്നിവ കേന്ദ്രത്തിൽ സജ്ജമാക്കുമെന്ന് ഇന്നവേഷൻ ആൻഡ് സയന്റിഫിക് ഒളിമ്പ്യാഡ് വിഭാഗം മേധാവി അവദ് ബിൻ മുഹമ്മദ് അൽ ഹിനായി പറഞ്ഞു. 2019ൽ 10 ലക്ഷം ദിർഹം ചെലവിൽ അൽ ദാഹിറയിലും അൽ ബുറൈമിയിലും രണ്ട് സയന്റിഫിക് ഇന്നവേഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഒമാൻ ഓയിൽ, ഓർപിക് ഗ്രൂപ്, ജുസൂർ ഫൗണ്ടേഷൻ എന്നിവയുമായി രണ്ട് സഹകരണ കരാറുകളിൽ ഒപ്പുവെച്ചിരുന്നു. നിരവധി വിദ്യാഭ്യാസ പദ്ധതികളിൽ വിദ്യാഭ്യാസ മന്ത്രാലയം സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മേഖലയിലെ വിദ്യാർഥികൾക്ക് നവീന സാങ്കേതികവിദ്യയുടെ മേഖലയിൽ വളർന്നുവരാനുള്ള സഹായ കേന്ദ്രമായി ഇത് മാറിത്തീരും. പുതിയ സാങ്കേതിക മേഖലകളിൽ ഒമാനിലെ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.