മനാമ: ലോകം വിറങ്ങലിച്ച കോവിഡ് മഹാമാരിയുടെ കാലത്ത് കെ.എം.സി.സി ബഹ്‌റൈൻ നടത്തിയ സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങളെ ആസ്പദമാക്കി ഫോട്ടോയും റിപ്പോർട്ടും സമന്വയിപ്പിച്ച ആൽബം ഡോ. എം.കെ. മുനീർ എം.എൽ.എ പ്രകാശനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ പ്രഫഷനൽ വിങ്ങും മീഡിയ വിങ്ങും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ഫോട്ടോ ആൽബം തയാറാക്കിയത്. ബഹ്റൈനിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത 2020 ഫെബ്രുവരി 24 മുതൽ 500 ദിവസത്തോളം നടത്തിയ വ്യത്യസ്തമായ സാമൂഹിക സേവനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇതിൽ ക്രോഡീകരിച്ച് ഉൾപ്പെടുത്തിയിട്ടുള്ളത്.
കെ.എം.സി.സിയുടെ 350ഓളം വരുന്ന വളന്റിയർമാർ നടത്തിയ നിസ്തുലമായ സേവനത്തിന്റെ നേർരേഖാചിത്രമായി റിപ്പോർട്ട് മാറിയെന്ന് കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്‍റ് ഹബീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. കോവിഡ് എന്ന മഹാമാരിയെ കെ.എം.സി.സി ബഹ്‌റൈൻ എങ്ങനെ നേരിട്ടെന്ന് വരുന്ന തലമുറകൾക്ക് പഠിക്കാനുള്ള ഒരു റഫറൻസ് ആയി ഈ ആൽബം മാറുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പറഞ്ഞു.
സാമൂഹികസേവനം ഡോക്യുമെന്‍റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. ആൽബം തയാറാക്കാൻ പ്രവർത്തിച്ച കെ.എം.സി.സി പ്രഫഷനൽ വിങ് കൺവീനർ അലി അക്ബർ കിഴുപറമ്പയെയും മീഡിയ കമ്മിറ്റി അംഗങ്ങളായ വി.വി. ഹാരിസ് തൃത്താല, മാസിൽ പട്ടാമ്പി, ശിഹാബ് പ്ലസ് എന്നിവരെയും ചടങ്ങിൽ വെച്ച് ഡോ. എം.കെ. മുനീർ, കെ.എം.സി.സി സംസ്ഥാനനേതാക്കൾ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.