ബഹ്റൈനിലെ ആരോഗ്യ പരിപാലന രംഗത്ത് അതുല്യമായ സ്ഥാനമാണ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിനുള്ളത്. 120 വർഷത്തെ ചരിത്രം പേറുന്ന ഈ ആശുപത്രി നിരവധി തലമുറകളുടെ ആശ്രയമാണ്. 1892 ഡിസംബർ ഏഴിന് ഡോ. സാമുവൽ സ്വെമർ എന്ന അമേരിക്കൻ മിഷണറി ബഹ്‌റൈൻ തീരത്തേക്ക് കാലെടുത്തുവെച്ചത് പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയായിരുന്നു.
താൻ തുടക്കമിട്ട ആശുപത്രി സമൂഹത്തിന് അത്താണിയായി നൂറ്റാണ്ട് പിന്നിട്ടും സേവനം തുടരുമെന്ന് അദ്ദേഹം ഒരുപക്ഷേ ചിന്തിച്ചുകാണില്ല. ഡോ. ഷാരോൺ ജെ തോംസ്, ഡോ. സ്റ്റാൻലി മിൽരിയ, ഡോ. പോൾ ഡബ്ല്യു ഹാരിസൺ, ഡോ. ലൂയിസ് പി ഡാം, ഡോ. ഹരോൾഡ് സ്റ്റോം തുടങ്ങിയ പ്രഗത്ഭരായ ഡോക്ടർമാരെ അമേരിക്കയുടെ സുഖ സൗകര്യങ്ങൾ ഉപേക്ഷിച്ച് ബഹ്‌റൈനിലും കുവൈത്തിലും മസ്‌കത്തിലുമൊക്കെ ആശുപത്രികൾ തുടങ്ങാൻ അദ്ദേഹം പ്രേരിപ്പിച്ചു. അറേബ്യൻ മിഷന്റെ സഹസ്ഥാപകനായ ജെയിംസ് കാൈന്റനും ഡോ. സാമുവൽ സ്വെമറും ചേർന്ന് നിരവധി നഴ്‌സുമാർ, അധ്യാപകർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരെയും കൊണ്ടുവന്നു.
എല്ലാവരിലേക്കും ആരോഗ്യ സംരക്ഷണം എത്തിക്കുക എന്ന തങ്ങളുടെ ദൗത്യത്തിെന്റ ഭാഗമായി സൗദി അറേബ്യ, ഖത്തർ, പിന്നീട് യു.എ.ഇ ആയി മാറിയ ട്രൂഷ്യൽ സ്റ്റേറ്റുകൾ എന്നിവിടങ്ങളിലേക്ക് മിഷൻ പ്രവർത്തകർ നീണ്ട മെഡിക്കൽ യാത്രകൾ നടത്തി. 1930കളുടെ അവസാനത്തിലും 40കളുടെ തുടക്കത്തിലും അറേബ്യൻ ഗൾഫ് മേഖലയിൽ എണ്ണ കുതിച്ചുചാട്ടം സംഭവിക്കുന്നതുവരെ പ്രാദേശിക സർക്കാരുകൾ അവരുടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മിഷൻ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്.
സ്ഥാപകരുടെ ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കാതെ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഇന്നും ചരിത്ര ദൗത്യം തുടരുന്നു. ബഹ്‌റൈനിലെ ആദ്യത്തെ ആധുനിക വൈദ്യ ദമ്പതികളായ ഡോ. ഷാരോൺ ജെ തോംസിന്റെയും ഡോ. മരിയോൺ വെൽസ് തോംസിന്റെയും നേതൃത്വത്തിലാണ് 1903ൽ മേസൺ മെമ്മോറിയൽ ഹോസ്പിറ്റൽ, നിർമ്മിച്ചത്. മേസൺ മെമ്മോറിയൽ ഹോസ്പിറ്റൽ പിന്നീട് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ എന്നറിയപ്പെട്ടു.
1942 മുതൽ 1982 വരെയുള്ള കാലത്ത് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ വളർച്ചയുടെ പല ഘട്ടങ്ങളിലൂടെ കടന്നുപോയി. ഇക്കാലമായപ്പോഴേക്കും സർക്കാർ ആരോഗ്യ പരിപാലന സംവിധാനങ്ങൾ വളരാൻ തുടങ്ങി. 1940കളിലും 1950കളിലും നയീം, സൽമാനിയ തുടങ്ങിയ പ്രദേശങ്ങളിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും തുറന്നു.ബാപ്‌കോയുടെ ആവാലി ഹോസ്പിറ്റൽ 1937ൽ ആരംഭിച്ചിരുന്നു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽനിന്നുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം വർഷങ്ങളോളം ഇവിടെ ലഭിച്ചിരുന്നു. 1940ൽ അറേബ്യൻ ഗൾഫ് മേഖലയിൽ ആദ്യത്തെ എക്സ്-റേ മെഷീൻ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ എത്തി. 1962ൽ രണ്ട് പുതിയ കെട്ടിടങ്ങൾ നിർമിച്ചു.
ആദ്യ 40 വർഷങ്ങളിൽ സ്പാനിഷ് ഫ്ലൂ, ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനം, രണ്ട് ലോക മഹായുദ്ധങ്ങൾ എന്നിവയുടെ കൊടുങ്കാറ്റുകളെ അതിജീവിച്ചാണ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ മുന്നേറിയത്. 1980കളോടെ, സൗജന്യ സർക്കാർ ആരോഗ്യ സേവനങ്ങൾ ബഹ്‌റൈനിൽ ശക്തമായി. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്തു.
2000ത്തിെന്റ തുടക്കത്തിൽ നിരവധി പുതിയ സ്വകാര്യ ആശുപത്രികൾ തുറക്കുകയും ചെയ്തു. ലാഭേച്ഛയില്ലാത്ത ഈ സ്ഥാപനത്തിന് അത്യാധുനികമായ മെഡിക്കൽ സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് ഫണ്ടിെന്റ ദൗർലഭ്യം നേരിട്ടപ്പോഴൊക്കെ രാജ്യത്തിന്റെ ഭരണാധികാരികളുടെ ഉദാരമായ പിന്തുണ തുണയായി. ‘കൃപ, അനുകമ്പ, സ്നേഹം’ എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായി ഇന്നും മികച്ച ആരോഗ്യ സംരക്ഷണം അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ നൽകിക്കൊണ്ടിരുന്നു. സാമൂഹിക സേവന രംഗത്തും ആശുപത്രി പിന്നാക്കം പോയില്ല. പ്രായമായവർക്കും അവശത അനുഭവിക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും സൗജന്യ വൈദ്യസഹായം നൽകുന്നത് തുടർന്നു.
2007ൽ, ആരോഗ്യ സംരക്ഷണ ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര അക്രഡിറ്റേഷൻ നേടുന്ന ആദ്യത്തെ സ്വകാര്യ ആശുപത്രിയായി ഇത് മാറി. 2017ലും 2021ലും ബഹ്റൈനിലെ നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ഡയമണ്ട് അക്രഡിറ്റേഷൻ തുടർച്ചയായി രണ്ടുതവണ നേടി. ഗുണനിലവാരത്തിന് ഐ.എസ്.ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2021ൽ, പാത്തോളജി ആൻഡ് ലബോറട്ടറി സയൻസ് വിഭാഗത്തിൽ അഭിമാനകരമായ സി.എ.പി അക്രഡിറ്റേഷൻ നേടുന്ന ബഹ്റൈനിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായി ഇത് മാറി.
പുതിയ പീഡിയാട്രിക് യൂണിറ്റ്, റേഡിയോളജിക്കുള്ള ഇമേജിങ് സെന്റർ, സാറിലെ വിശാലമായ ആശുപത്രി കെട്ടിടം, അംവാജിലെയും റിഫയിലെയും രണ്ട് ക്ലിനിക്കുകൾ, ഗുദൈബിയ-ഹൂറ മേഖലയിൽ ജീവനക്കാർക്കുള്ള താമസസ്ഥലം, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കായുള്ള വികസന യൂണിറ്റ് തുടങ്ങിയവ ആശുപത്രിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്ത് പകരുന്നതാണ്. 2023 ജനുവരി 26ന് ആലിയിൽ അത്യാധുനിക സൗകര്യങ്ങളോടെ കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ തുറക്കുന്നതോടെ ഏറ്റവും മികച്ച രോഗി അനുഭവം നൽകുന്നതിനാണ് ആശുപത്രി തയ്യാറെടുക്കുന്നത്.
മനാമയിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽമനാമയിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽമനാമയിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.