മനാമ: സൈബർ തട്ടിപ്പുകൾക്കിരയാകുന്നവരിലേറെയും ചെറുപ്പക്കാരെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം മേധാവി മേജർ മുഹമ്മദ് അൽ അബ്ദുല്ല വെളിപ്പെടുത്തി. പ്രായമായവരാണ് തട്ടിപ്പിനിരകളാകുന്നത് എന്നാണ് പൊതുവേയുള്ള വിശ്വാസം.
വാസ്തവത്തിൽ 20 വയസ്സും അതിൽ താഴെയുമുള്ളവരാണ് ഏറെയും തട്ടിപ്പിനിരയാകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാർ സാങ്കേതിക കാര്യങ്ങളിൽ അറിവുള്ളവരാണെന്നത് ശരിയാണെങ്കിലും കൂടുതൽ സമയം അവർ സ്ക്രീനിൽ ചെലവഴിക്കുന്നു. അതുകൊണ്ടുതന്നെ ഓൺലൈൻ തട്ടിപ്പുകാർ അവരെയാണ് ലക്ഷ്യം വെക്കുന്നത്.
സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ സ്ക്രോൾ ചെയ്യുന്നത് അവരാണ്. പ്രായമായവരേക്കാൾ കൂടുതൽ കാര്യങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യുന്നതും അവരാണ്. റിഫയിലെ അബ്ദുൽറഹ്മാൻ കാനൂ കൾച്ചറൽ സെന്ററിൽ നടന്ന സൈബർ സുരക്ഷ ഫോറമായ ‘സൈബർ തട്ടിപ്പുകൾ: രീതികളും പ്രതിരോധവും’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മേജർ അൽ അബ്ദുല്ല. സ്വദേശികളും വിദേശികളുമായ ചെറുപ്പക്കാരെ കെണിയിൽപെടുത്താൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന വിവിധ രീതികൾ അദ്ദേഹം വിശദീകരിച്ചു. ഒരു ബാങ്കിൽ നിന്നും ബെനിഫിറ്റ് പേയിൽ നിന്നും ഒരു ജീവനക്കാരനും വിളിച്ച് ഒ.ടി.പിയോ പാസ്വേഡോ ആവശ്യപ്പെടില്ല. അവർ നിങ്ങളുടെ മുഴുവൻ പേര്, സി.പി.ആർ, ഐബാൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ പറയും. പക്ഷെ അവർക്ക് നിങ്ങൾ ഒരു അധിക വിശദാംശവും നൽകരുത്.
ആ അറിവുപയോഗിച്ച് നിങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാതെ അവർക്ക് തട്ടിപ്പ് നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിലും അറബിയിലും ലഭ്യമായ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ അദ്ദേഹം അഭ്യർഥിച്ചു. പുതിയ വഞ്ചനാ രീതികൾ സംബന്ധിച്ച് പൊതുജനങ്ങളുമായി ഈ ഗ്രൂപ്പുകളിൽ അവബോധം നൽകി വരുകയാണ്.
992 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ 17108108 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടോ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷ ജനറൽ ഡയറക്ടറേറ്റിന് കൈമാറാമെന്നും അദ്ദേഹം അറിയിച്ചു.
മേജർ മുഹമ്മദ് അൽ അബ്ദുല്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.