മനാമ: പ്രവാസി കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പ്രവാസി ലീഗൽ സെൽ നിവേദനം നൽകി. കേരളത്തിൽനിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമീഷൻ കഴിഞ്ഞ കുറെ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. പ്രവാസി കമീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനവും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം നിവേദനം നൽകിയത്.
പ്രവാസികളുടെ നിരവധിയായ പ്രശ്നപരിഹാരത്തിന് സഹായകരമായ പ്രവാസി കമീഷനിൽ ഒരു ചെലവുമില്ലാതെ പരാതിനൽകാവുന്നതും പരിഹാരം കണ്ടെത്താവുന്നതുമാണ്. പ്രവാസികളുടെ നാട്ടിലുള്ള സ്ഥലകൈയേറ്റവും മറ്റും തടയുന്നതിന് സഹായകരമായി പ്രവാസി കമീഷനിൽ അടിയന്തരമായി അധ്യക്ഷനെ നിയമിക്കണം.
മനുഷ്യക്കടത്തുൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന പ്രവാസി കമീഷന്റെ പ്രവർത്തനം ഉടൻ തന്നെ പുനഃസ്ഥാപിക്കണമെന്നും സർക്കാർ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കേണ്ടിവരുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.