മനാമ: 33ാമത് അറബ് ഉച്ചകോടി ബഹ്റൈനിൽ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഉച്ചകോടി അറബ് രാജ്യങ്ങൾക്കിടയിലുള്ള ബന്ധം ശക്തമാക്കുന്നതും മേഖലയിലെ വിവിധ പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പ്രചോദനവുമായിരുന്നു.
ഫലസ്തീൻ പ്രശ്നമാണ് മുഖ്യ ചർച്ചയായി ഉച്ചകോടിയിൽ ഉയർന്നത്. ഫലസ്തീൻ പ്രശ്നത്തിന് ഉചിത പരിഹാരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന് ഊന്നൽ നൽകിയ ഉച്ചകോടി, വിവിധ രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്താലും സമ്പുഷ്ടമായതായി മന്ത്രിസഭ വിലയിരുത്തി. ഉച്ചകോടി വിജയിച്ച പശ്ചാത്തലത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് മന്ത്രിസഭ പ്രത്യേകം ആശംസകൾ നേർന്നു.
ഹമദ് രാജാവിന്റെ ഉച്ചകോടിയിലെ പ്രഭാഷണം വിഷയത്തിന്റെ മർമത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും പകരം നയതന്ത്രജ്ഞതയും സമാധാനമാർഗവുമാണ് അവലംബിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മേഖലയുടെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ് ഫലസ്തീൻ പ്രശ്നപരിഹാരമെന്നും അദ്ദേഹം ആവർത്തിച്ചു. ഉച്ചകോടിയുടെ വിജയത്തിനായി വിവിധ തലങ്ങളിൽ സഹകരിച്ച മന്ത്രാലയങ്ങൾ, സർക്കാർ അതോറിറ്റികൾ, പാർലമെന്റ്, ശൂറ കൗൺസിൽ എന്നിവക്ക് കാബിനറ്റ് പ്രത്യേകം അഭിവാദ്യങ്ങൾ അറിയിച്ചു. ഉച്ചകോടിക്കായി ഒരുക്കിയ സംവിധാനങ്ങളുമായി സഹകരിച്ച രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കാബിനറ്റ് നന്ദി അറിയിച്ചു.
ജി.സി.സി രൂപവത്കരണത്തിന്റെ 43 വർഷം പൂർത്തീകരിക്കുന്ന വേളയിൽ ജി.സി.സി രാഷ്ട്രത്തലവൻമാർക്കും അവിടങ്ങളിലെ ജനതക്കും കാബിനറ്റ് അഭിവാദ്യങ്ങൾ നേർന്നു. കുവൈത്ത് പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന് കാബിനറ്റ് ആശംസകൾ നേർന്നു. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ വേർപാടിൽ അനുശോചനം അറിയിച്ചു.
രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന് വിവിധ കമ്പനികളുമായി സഹകരിക്കുന്നതിനുള്ള കരട് പ്രമേയം അവതരിപ്പിച്ചു. ലൗസിയിലെ തീപിടിത്തത്തെക്കുറിച്ച് വിശദാംശങ്ങളും ഇരകൾക്ക് നൽകിയ സഹായങ്ങളെക്കുറിച്ചും പാർപ്പിട, നഗരാസൂത്രണ കാര്യ മന്ത്രി വിശദീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.