മനാമ: ചൈനയിലെ ഹാങ്ചോവിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ബഹ്റൈന് ഒമ്പത് സ്വർണമുൾപ്പെടെ 15 മെഡലുകൾ. ഒമ്പത് സ്വർണത്തിന് പുറമെ ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ബഹ്റൈൻ നേടിയത്.വിൻഫ്രെഡ് യാവിക്കും കെമി അദികോയക്കും പിന്നാലെ ബിർഹാനു ബാല്യൂ യെമാത്വയും ഇരട്ട സ്വർണം നേടി നാടിന്റെ അഭിമാനമായി.
പുരുഷന്മാരുടെ 10,000 മീറ്ററിൽ സ്വർണം നേടിയ ബിർഹാനു ബാല്യൂ യെമാത്വ ബുധനാഴ്ച നടന്ന പുരുഷന്മാരുടെ 5000 മീറ്ററിലും സ്വർണം നേടി. 13.17.40 ആണ് ബിർഹാനു ബാല്യൂ യെമാത്വയുടെ സമയം. ഈയിനത്തിൽ ഇന്ത്യയുടെ അവിനാശ് മുകുന്ദാണ് വെള്ളി നേടിയത്. ബഹ്റൈനിന്റെ തന്നെ അഡ്മാസു ദാവിറ്റ് ഫിക്കാദുവിനാണ് വെങ്കലം. വനിതകളുടെ 4*400 മീറ്റർ റിലേയിൽ ബഹ്റൈൻ ടീം സ്വർണം സ്വന്തമാക്കി.
കടുത്ത പോരാട്ടത്തിൽ ഇന്ത്യയെയാണ് ബഹ്റൈൻ മറികടന്നത്. ബഹ്റൈൻ 3.27.65 സമയമെടുത്ത് ഫിനിഷ് ചെയ്തപ്പോൾ ഇന്ത്യൻ വനിതകൾ 3.27.85 സമയമെടുത്ത് തൊട്ടുപിന്നിലെത്തി. ശ്രീലങ്കക്കാണ് വെങ്കലം. നിലവിലുള്ള ഗെയിംസ് റെക്കോഡ് തിരുത്തിയാണ് ബഹ്റൈൻ സ്വർണമണിഞ്ഞത്. വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ കെമി അദികോയ മുജിദത് ചൊവ്വാഴ്ച നടന്ന 400 മീറ്റർ ഹർഡിൽസിലും സ്വർണം കൈപ്പിടിയിലൊതുക്കിയിരുന്നു.
ഇതു കൂടാതെ സ്വർണം നേടിയ 4*400 മീറ്റർ മിക്സഡ് റിലേ ടീമിലും കെമി അദികോയ അംഗമായിരുന്നു. ഇതോടെ കെമി അദികോയയുടെ പേരിൽ മൂന്ന് സ്വർണമായി. വനിതകളുടെ 1500 മീറ്ററിലും 3000 മീറ്ററിലും സ്വർണം നേടി യാവി വിൻഫ്രെഡ് കരുത്ത് തെളിയിച്ചിരുന്നു.
വനിതകളുടെ 10,000 മീറ്ററിൽ വിയോല ജെപ്ചുംബയും സ്വർണമണിഞ്ഞിരുന്നു. മൂസ ഈസ, കെമി അദികോയ, അബ്ബാസ് യൂസുഫ് അബ്ബാസ്, സൽവാ ഈദ് നാസർ എന്നിവരാണ് 4*400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണം നേടിയ ടീമംഗങ്ങൾ. മെഡൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ബഹ്റൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.