മനാമ: ഈദ് ദിനങ്ങൾ അടുത്തെത്തിയ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും പൂഴ്ത്തിവെപ്പും വിലക്കയറ്റവും ഒഴിവാക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. പഴം, പച്ചക്കറി മാർക്കറ്റുകളിലും ഹൽവക്കടകളിലും ബേക്കറികളിലും ഷോപ്പിങ് മാളുകളിലും പരിശോധന നടത്തുന്നുണ്ട്.
നിയമ ലംഘനങ്ങൾ നടക്കുന്നത് തടയുന്നതിന് ബ്യൂട്ടി പാർലറുകൾ, മെൻസ് സലൂണുകൾ, ടൈലറിങ് ഷോപ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നതായി അധികൃതർ അറിയിച്ചു. റമദാന് മുന്നോടിയായും റമദാനിലും പരിശോധനകൾക്കായി പ്രത്യേക ടീമുകൾക്ക് രൂപം നൽകിയിരുന്നു. പരിശോധനകൾ ഈദ് ദിനങ്ങളിലും തുടരാനാണ് തീരുമാനം. ജനങ്ങൾക്കാവശ്യമായ ഭക്ഷ്യവിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യാപാരികളെ നിയമത്തിന് മുന്നിൽ ഹാജരാക്കുമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
ഓഫറുകൾ കൃത്യമായ നിയമം പാലിച്ചും അനുമതിയോടും കൂടിയാണ് നൽകുന്നതെന്നും ഉറപ്പാക്കും. റമദാനിൽ നടത്തിയ പരിശോധനകളിൽ ലഘുവായ നിയമലംഘനങ്ങൾ കണ്ടെത്തുകയും അവ തിരുത്തുന്നതിന് അടിയന്തര നോട്ടീസ് നൽകുകയും ചെയ്തിരുന്നതായും മന്ത്രാലയ അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.