മനാമ: കഴിഞ്ഞ ദിവസം ആലിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മുഹറഖ് അൽഹിലാൽ ആശുപത്രി ജീവനക്കാരായ അഞ്ചു ചെറുപ്പക്കാർക്കും ബഹ്റൈൻ കണ്ണീരോടെ വിടനൽകി. പയ്യന്നൂർ എടാട്ട് കുഞ്ഞിമംഗലം കാന വീട്ടിൽ രഘുവിന്റെ മകൻ അഖിൽ (28), മലപ്പുറം വെള്ളയൂർ ഗോകുലം വീട്ടിൽ വാസുദേവന്റെ മകൻ ജഗത് (30), കോഴിക്കോട് മായനാട് പൊറ്റമ്മൽ വൈശ്യംപുറത്ത് മുത്തോറന്റെ മകൻ മഹേഷ് (33), ചാലക്കുടി മുരിങ്ങൂർ പരീക്കാടൻ വീട്ടിൽ ജോർജിന്റെ മകൻ ഗൈതർ (28), തെലങ്കാന കരിംനഗർ പേട്ട യെല്ലറെഡ്ഡി കോരുത്‍ലാപേട്ട നർസയ്യ മോക്കിനാപ്പള്ളിയുടെ മകൻ സുമൻ (29) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിക്കു സമീപം ഞായറാഴ്ച ഉച്ചക്ക് 12നാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കാണാൻ സൗകര്യമൊരുക്കിയത്.
അകാലത്തിൽ പൊലിഞ്ഞ യുവാക്കളുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒഴുകിയെത്തി. അൽഹിലാൽ ആശുപത്രി മാനേജ്മെന്റും ജീവനക്കാരുമടക്കം നൂറുകണക്കിനാളുകൾ നേരത്തേ എത്തി കാത്തുനിൽക്കുകയായിരുന്നു. പലരും സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി. ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ബി.കെ.എസ്.എഫ് പ്രവർത്തകർ പൊതുദർശനത്തിനും മറ്റു കാര്യങ്ങൾക്കും നേതൃത്വം നൽകി. മലയാളികളായ നാലു പേരുടെ മൃതദേഹങ്ങൾ ഞായറാഴ്ച വൈകീട്ടുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോയി. മൂന്നുപേരുടെ മൃതദേഹങ്ങൾ കോഴിക്കോട്ടേക്കും ഗൈതർ ജോർജിന്റെ മൃതദേഹം കൊച്ചിയിലേക്കുമാണ് കൊണ്ടുപോയത്. മഹേഷിന്റെ ഭാര്യയും മകളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടിന് വിമാനം കോഴിക്കോട്ടെത്തും. തിങ്കളാഴ്ച രാവിലെ ഏഴേകാലിനാണ് ഒമാൻ എയർ വിമാനം കൊച്ചിയിലെത്തുന്നത്. തെലങ്കാന സ്വദേശിയുടെ മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ ഹൈദരാബാദിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.