മനാമ: വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ചൈനീസ് വാണിജ്യ മന്ത്രി വാങ് വൺ താവോയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനെക്കുറിച്ചും നിക്ഷേപ അവസരങ്ങൾ വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം ഏകീകരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ മന്ത്രി ഫഖ്റു സമ്പത്തികരംഗത്ത് നിലവിലുള്ള ബഹ്റൈൻ-ചൈനീസ് ബന്ധം ആഴത്തിലുള്ളതാണെന്ന് പറഞ്ഞു. വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ പരസ്പരം തുറന്നിടാൻ തീരുമാനിച്ചു.
വ്യാപാര മേഖലയിൽ നിലനിൽക്കുന്ന സഹകരണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ബഹ്റൈനുമായി വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരിക്കുന്നതിൽ ചൈനക്ക് ഏറെ സന്തോഷമുള്ളതായി വാങ് വൺ താവോ കൂട്ടിച്ചേർത്തു. വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചൈനയിൽ സന്ദർശനം നടത്തിയത്. ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിന്റേയും ഇൻഡസ്ട്രി ആൻഡ് കോമേഴ്സ് മിനിസ്ട്രിയുടേയും സഹകരണത്തോടെയാണ് സന്ദർശനം നടത്തിയത്. വാണിജ്യസഹകരണം ശക്തിപ്പെടുത്തുകയും ചൈനയിൽനിന്ന് നിക്ഷേപം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിന്റേയും വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെയും പ്രതിനിധികൾക്കു പുറമെ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ സീനിയർ പ്രതിനിധികളും സംഘത്തിലുണ്ട്. ഗ്വാങ്ചോയിൽ നടന്ന ചൈനയിലെ ഏറ്റവും വലിയ വ്യാപാര മേളയായ കാന്റോൺ ഫെയറും സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.