ബി.കെ.എസ് ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിനെക്കുറിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു

ബഹ്റൈനിൽ വീണ്ടും കലോത്സവ നാളുകൾ

മനാമ: ബഹ്റൈനിൽ കലയുടെ സൗന്ദര്യം പൂത്തുലയുന്ന രാത്രികൾ വീണ്ടും ആഗതമാകുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച അടച്ചുപൂട്ടലിൽനിന്ന് മോചനം നേടിവരുന്ന ആസ്വാദകരുടെ മുന്നിലേക്ക് കലയുടെ 12 ദിനങ്ങൾ അവതരിപ്പിക്കുകയാണ് ബഹ്റൈൻ കേരളീയ സമാജം. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റി, സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി എന്നിവയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പ്രഥമ ബി.കെ.എസ് ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ കലാസ്വാദകർക്ക് അവിസ്മരണീയ വിരുന്നാണൊരുക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികത്തിന്റെയും ബി.കെ.എസ് സ്ഥാപിതമായതിന്റെ 75ാം വർഷത്തിന്റെയും ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50ാം വാർഷികത്തിന്റെയും സന്തോഷം ആഘോഷിക്കുകയാണ് ഈ കലോത്സവത്തിലൂടെയെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മേയ് മൂന്നിന് ആരംഭിക്കുന്ന സാംസ്കാരികോത്സവം 14 വരെ നീണ്ടുനിൽക്കും. ഇന്ത്യയിലെ പ്രമുഖ കലാസംവിധായകനും ആസ്വാദകനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന മെഗാ ഫെസ്റ്റിവൽ, വിവിധ കലാപ്രതിഭകളുടെ പ്രകടനങ്ങൾക്ക് സാക്ഷ്യംവഹിക്കും. പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് എട്ടിനും അവധിദിവസങ്ങളിൽ വൈകീട്ട് 7.30നും കലാപരിപാടികൾ ആരംഭിക്കും.

ലോകപ്രശസ്ത സരോദ് ത്രയങ്ങളായ ഉസ്താദ് അംജദ് അലി ഖാൻ, അദ്ദേഹത്തിന്റെ മക്കളായ അമൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ്, ചലിക്കുന്ന വിരലുകൾകൊണ്ട് ആളുകളെ വിസ്മയിപ്പിക്കുന്ന രാജേഷ് വൈദ്യ, പ്രേക്ഷകരുടെ പ്രിയപ്പെട്ട കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സി തുടങ്ങിയവർ പരിപാടികളുടെ മാറ്റുകൂട്ടും. ആദ്യ ദിനമായ മേയ് മൂന്നിന് അനൂപ് ജലോട്ടയുടെ ഗസൽ സംഗീതനിശയാണ് ഒരുക്കിയിട്ടുള്ളത്. മേയ് നാലിനാണ് ഔദ്യോഗിക ഉദ്ഘാടനം. ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റി കൾച്ചർ ആന്‍റ് ആർട്സ് ഡയറക്ടർ ജനറൽ ശൈഖ ഹാല ബിൻത് മുഹമ്മദ് ആൽ ഖലീഫയും ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സുഗതകുമാരിയുടെ 'കൃഷ്ണാ നീ എന്നെ അറിയില്ല' എന്ന ഗാനത്തെ ക്ലാസിക്കൽ നർത്തകി ആശാ ശരത് ഭാരതനാട്യത്തിലൂടെ അവതരിപ്പിക്കും.

സ്റ്റീഫൻ ദേവസ്സിയും സംഘവും, ഉമയൽപുരം, ആറ്റുകാൽ ബാലസുബ്രഹ്മണ്യം, അമിത് നദിഗ് എന്നിവർ അണിനിരക്കുന്ന സംഗീത മായാജാലമാണ് മേയ് അഞ്ചിന് സദസ്സിലേക്കൊഴുകിയെത്തുക. പ്രശസ്ത വയലിൻ ജോടികളായ ഗണേഷും കുമരേഷും, മൃദംഗ വിദ്വാൻ പത്രി സതീഷ് കുമാറും ചേർന്ന് മേയ് ആറിന് ആസ്വാദകർക്ക് സംഗീതവിരുന്നൊരുക്കും. അഭിഷേക് രഘുറാമും സംഘവും നയിക്കുന്ന കർണാടക സംഗീതക്കച്ചേരിയാണ് മേയ് ഏഴിന് ഒരുക്കിയിട്ടുള്ളത്. സംഗീത വിദഗ്ധൻ നിത്യശ്രീ മഹാദേവനും സംഘവും മേയ് എട്ടിന് സംഗീതക്കച്ചേരി അവതരിപ്പിക്കും.

വിദ്യശ്രീയുടെ 'ബുദ്ധ - ദി ഡിവൈൻ' എന്ന ബഹ്റൈനിൽനിന്നുള്ള നൃത്തനാടകമാണ് മേയ് ഒമ്പതിന് അരങ്ങിലെത്തുക. ദക്ഷിണേന്ത്യയിലെ പ്രിയങ്കരനായ ഗായകനും സംഗീതസംവിധായകനുമായ എം. ജയചന്ദ്രൻ, ശങ്കരൻ നമ്പൂതിരി, ശ്രീവൽസൻ ജെ. മേനോൻ, ലാലു സുകുമാർ എന്നിവരും സംഘവും മേയ് 10ന് ആസ്വാദകർക്ക് മെലഡിയുടെ വിരുന്നൊരുക്കും.മേയ് 11ന് ബഹ്റൈൻ സ്വദേശ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഖലീൽ അലഷാറിന്റെ കഥക് അവതരണവും തുടർന്ന് മജാസ് ബഹ്റൈൻ ബാൻഡ് അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും നടക്കും.

തിരുവാരൂർ ഭക്തവത്സലൻ, ആലപ്പുഴ ആർ. കരുണാമൂർത്തി, ഗിരിധർ ഉടുപ്പ എന്നിവരുടെ അകമ്പടിയോടെ മൈസൂർ നാഗരാജ്, ഡോ. മൈസൂർ മഞ്ജുനാഥ് എന്നിവർ വയലിനിൽ നയിക്കുന്ന ക്ലാസിക്കൽ ഇൻസ്ട്രുമെന്റൽ നൈറ്റാണ് മേയ് 12ന് ആസ്വാദകർക്കായി ഒരുക്കിയിട്ടുള്ളത്. മേയ് 13ന് രാജേഷ് വൈദ്യ, ഭുവനേഷ്, കുമാരൻ, മോഹൻ, സായ് ഹരി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കച്ചേരിയുണ്ടാകും. മേയ് 14ന് സരോദ് വിദഗ്ധരായ ഉസ്താദ് അംജദ് അലി ഖാൻ, അമൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ് എന്നിവരുടെ സംഗീത പരിപാടി അരങ്ങേറും. വാർത്തസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് ഗോവിന്ദപുരം, എം.പി രഘു, ദേവദാസ് കുന്നത്ത്, ആഷ്ലി കുര്യൻ, വർഗീസ് ജോർജ്, ഫിറോസ് തിരുവത്ര, വിനൂപ് കുമാർ, മഹേഷ് പിള്ള എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Bahrain Keraleeya Samajam Art and Cultural Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.