മനാമ: ബഹ്റൈനിലെ മയക്കുമരുന്ന് സംഘങ്ങളെ വലയിലാക്കാൻ സ്റ്റിങ് ഓപറേഷനുമായി ബഹ്റൈൻ പൊലീസ്. കഴിഞ്ഞ ദിവസമാണ് സ്റ്റിങ് ഓപറേഷനിലൂടെ ഏഷ്യക്കാരടങ്ങുന്ന സംഘത്തെ ആന്റി നാർകോട്ടിക്സ് വിഭാഗം വലയിലാക്കിയത്. വ്യാപകമായി ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഏഷ്യക്കാരനായ യുവാവിനെ നോട്ടമിട്ടത്. ഇയാളുടെ ഇടപാടുകൾ വ്യക്തമായതോടെ ഒരാളെ ഉപഭോക്താവെന്ന വ്യാജേന അയക്കുകയായിരുന്നു.
12 ദീനാറിന് ലഹരിവസ്തുക്കൾ വാങ്ങാമെന്ന് സമ്മതിച്ച് പൊലീസയച്ച ആൾ യുവാവിനെ സമീപിച്ചു. 12 ദീനാർ നൽകിയപ്പോൾ ‘ഷാബു’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് പ്രതി കൈമാറി. മനാമയിലെ ഹോട്ടലിന് സമീപത്തു വെച്ചാണ് കൈമാറ്റം നടന്നത്. രഹസ്യമായി പൊലീസ് ഈ കൈമാറ്റം വിഡിയോയിൽ ചിത്രീകരിച്ചു. ഇടപാടിന് ശേഷം പൊലീസ് നിയോഗിച്ചയാൾ വാങ്ങിയ സാധനം പൊലീസിന് കൈമാറി. തുടർന്ന് വിൽപനക്കാരനായ യുവാവിനെ പൊലീസ് പിന്തുടർന്നു. താമസിക്കുന്ന ഫ്ലാറ്റിൽ പ്രവേശിച്ച ഇയാളെ പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് 12 ദീനാർ കണ്ടെത്തുകയും ചെയ്തു. 40കാരിയായ സ്ത്രീയും ഫ്ലാറ്റിലുണ്ടായിരുന്നു. ഇടപാടുമായി ഇവർക്കും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇവരെയും അറസ്റ്റ് ചെയ്തു. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നിന്റെ ഏഴ് പൊതികൾ കണ്ടെത്തി. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു.
വേറെ ചില ഏഷ്യക്കാരിൽ നിന്നുമാണ് ഷാബു വാങ്ങിയതെന്നും വിൽക്കുന്നതിന് പ്രതിഫലമായി തനിക്ക് ഉപയോഗിക്കാനുള്ള മയക്കുമരുന്നും കൂടാതെ ഓരോ ഇടപാടിനും 800 ഫിൽസും ലഭിക്കുമെന്നും 20കാരനായ പ്രതി സമ്മതിച്ചു.
പിടിച്ചെടുത്ത പദാർഥങ്ങൾ പൊലീസ് ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ ‘മെത്താംഫെറ്റാമിൻ’ ഇനത്തിൽപെട്ട മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചു. പ്രതിയായ യുവാവും ‘മെത്താംഫെറ്റാമിൻ’ ഉപയോഗിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. അറസ്റ്റിലായ സ്ത്രീ ‘മോർഫിൻ’ ഉപയോഗിച്ചതായും സ്ഥിരീകരിച്ചു. കേസ് തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.