മനാമ: മൾട്ടിനാഷനൽ കമ്പനികൾക്ക് (എം.എൻ.ഇ) ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡി.എം.ടി.ടി) ചുമത്താനുള്ള തീരുമാനം ബഹ്റൈൻ പ്രഖ്യാപിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പുതിയ നികുതി സംവിധാനം നടപ്പാക്കുക.
2025 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നികുതി ഘടനയനുസരിച്ച് മൾട്ടി നാഷനൽ കമ്പനികൾ കുറഞ്ഞത്, ലാഭത്തിന്റെ 15 ശതമാനം നികുതിയായി നൽകണം. ആഗോള സാമ്പത്തിക നീതിയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ തീരുമാനം. 2018 മുതൽ രാജ്യം ഒ.ഇ.സി.ഡി, ഇൻക്ലൂസിവ് ഫ്രെയിംവർക്കിൽ ചേരുകയും ദ്വിമുഖ നികുതി പരിഷ്കരണത്തിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു.
രാജ്യത്ത് പ്രവർത്തിക്കുന്ന വാർഷിക വരുമാനം 750 ദശലക്ഷം യൂറോക്ക് മുകളിലുള്ള വൻകിട എം.എൻ.ഇകൾക്ക് മാത്രമായിരിക്കും പുതിയ നികുതി ബാധകം. ഇതിന്റെ പരിധിയിൽ വരുന്ന ബിസിനസുകൾ സമയപരിധിക്ക് മുമ്പ് നാഷനൽ ബ്യൂറോ ഫോർ റവന്യൂവിൽ (എൻ.ബി.ആർ) രജിസ്റ്റർ ചെയ്യണം. കൂടുതൽ അന്വേഷണങ്ങൾക്ക് എൻ.ബി.ആർ കാൾ സെന്റററിൽ 80008001 എന്ന നമ്പറിലോ അല്ലെങ്കിൽ mne@nbr.gov.bh എന്ന ഇ-മെയിൽ വഴിയും ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ www.nbr.gov.bh എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.