മനാമ: ഡിസംബർ ഒന്ന് ബഹ്റൈൻ വനിതാ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിച്ചതായി വിലയിരുത്തൽ. രാജ്യത്തിന്റെ സർവതോമുഖമായ വളർച്ചയിലും വികാസത്തിലും സ്ത്രീകളുടെ പങ്ക് അടയാളപ്പെടുത്തുന്നുണ്ട്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും രാജപത്നിയുടെ അധ്യക്ഷതയിലുള്ള വനിതാ സുപ്രീം കൗൺസിലിന്റെ പ്രവർത്തനങ്ങളും വനിതകളുടെ മുന്നേറ്റത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില സർക്കാർ അതോറിറ്റികളിലും മന്ത്രാലയങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ തൊഴിലെടുക്കുന്നുണ്ട്.
വ്യാപാര, തൊഴിൽ, ഉദ്യോഗസ്ഥ, രാഷ്ട്രീയ, വിദ്യാഭ്യാസ, നിയമ മേഖലകളിലെല്ലാം ശക്തമായ സ്ത്രീ സാന്നിധ്യമാണ് ബഹ്റൈനിലുള്ളത്. ദൈനംദിന ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അവരുടെ ഇടപെടലുകളും സജീവ പ്രവർത്തനങ്ങളുംകൊണ്ട് മുഖരിതമാണ് ബഹ്റൈൻ സാമൂഹികാന്തരീക്ഷം. ഇതര അറബ് രാജ്യങ്ങളിലേത് പോലെ തന്നെ ഏത് സമയത്തും സ്ത്രീക്ക് പുറത്തിറങ്ങാനും സുരക്ഷിതമായി ഒറ്റക്ക് സഞ്ചരിക്കാനും കഴിയുന്ന അവസ്ഥ അത്ഭുതമുളവാക്കുന്ന ഒന്നാണ്.
വിവിധ സംസ്കാരങ്ങളും ആശയങ്ങളും കെട്ടുപിണഞ്ഞു കിടക്കുേമ്പാഴും തനതായ അറബ് പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ സ്ത്രീകളാണ് ഏറെ മുന്നിൽ. സാമൂഹികസേവന പ്രവർത്തനങ്ങളിലും ചാരിറ്റി മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തവും വർധിച്ച അളവിലാണ്. വിവിധ മന്ത്രാലയങ്ങളിൽ കഴിഞ്ഞ ദിവസം ബഹ്റൈൻ വനിത ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും വനിത ജീവനക്കാർക്ക് മന്ത്രിമാർ അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.