ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
തൊഴിലാളികളുടെ കടമകൾ
- 1. തൊഴിലാളിയുടെ പൂർണവിവരങ്ങൾ തൊഴിലുടമക്ക് നൽകണം. അതായത് താമസിക്കുന്ന സ്ഥലത്തെ വിലാസം, വിവാഹിതനാണോ അല്ലയോ, തുടങ്ങിയ എല്ലാ വിവരങ്ങളും നൽകണം. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത് തൊഴിലുടമയെ യഥാസമയം അറിയിക്കണം.
- 2. തൊഴിലുടമയുടെ ഇടപാടുകാരോട് നല്ലനിലയിൽ പെരുമാറണം
- 3.തൊഴിലിന്റെ മാന്യത കാത്തുസൂക്ഷിക്കണം. അതുപോലെ ജോലിക്കിടയിൽ മാന്യമായി പെരുമാറുകയും വേണം.
- 4.ജോലി സ്ഥലത്ത് തൊഴിലുടമ നൽകുന്ന സുരക്ഷ, സംരക്ഷണ നിർദേശങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കണം.
- 5. തൊഴിലുടമയുടെ തൊഴിൽ സംബന്ധമായ എല്ലാ വിവരങ്ങളും വളരെ രഹസ്യമായി സൂക്ഷിക്കണം. തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിൽ സംബന്ധമായ രഹസ്യ വിവരങ്ങൾ പുറത്തുപറയാൻ പാടില്ല.
- 6. തൊഴിലാളിക്ക് ജോലിയിൽ അഭിവൃദ്ധിയുണ്ടാകാനോ ജോലിയിലെ വൈദഗ്ധ്യം വർധിപ്പിക്കാൻവേണ്ടി തൊഴിലുടമ മുന്നോട്ടുവെക്കുന്ന എല്ലാ നിബന്ധനകളും പാലിക്കണം.
- 7. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ തൊഴിലാളിയുടെ കൈവശമുള്ള തൊഴിലുടമയുടെ എല്ലാ സാധനങ്ങളും രേഖകളും മറ്റും തിരികെ നൽകണം.
- 8. തൊഴിൽ സംബന്ധമായ രേഖകൾ സ്വന്തമായി സൂക്ഷിക്കാൻ പാടില്ല.
- 9. ശമ്പളത്തിനോ അല്ലാതെയോ മറ്റൊരു തൊഴിൽ ചെയ്യാൻ പാടില്ല
- 10. ബാങ്കിൽനിന്നല്ലാതെ തൊഴിലുടമയുടെ ഇടപാടുകാരിൽനിന്നോ മറ്റാരുടെയെങ്കിലും കൈയിൽനിന്നോ പണം കടം വാങ്ങാൻ പാടില്ല.
- 11. തൊഴിലുടമയുടെ സമ്മതമില്ലാതെ കമീഷൻ, സമ്മാനം തുടങ്ങിയ ഉപഹാരങ്ങൾ സ്വീകരിക്കരുത്
- 12. സംഭാവന വാങ്ങുകയോ ഒപ്പ് ശേഖരിക്കുകയോ യോഗം കൂടുകയോ ചെയ്യരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.