മനാമ: ബെനിഫിറ്റ് ആപ് അപ്ഡേറ്റ് ചെയ്യണമെന്ന വ്യാജ സന്ദേശം നൽകി കമ്പനി ഉടമയിൽ നിന്ന് 15,000 ദീനാർ തട്ടിയ ഏഷ്യക്കാരൻ പിടിയിലായി. 57 കാരനായ അറബ് പൗരനാണ് തട്ടിപ്പിനിരയായത്. ബെനിഫിറ്റ് ആപ് അപ്ഡേറ്റ് ചെയ്യണമെന്നും ബാങ്ക് കാർഡും ഐ.ഡി വിശദാംശങ്ങളും നൽകണമെന്നുമാവശ്യപ്പെട്ടാണ് ഫോണിൽ സന്ദേശം വന്നത്.
ഒരു ലിങ്കും ഉണ്ടായിരുന്നു. ബാങ്ക് കാർഡ് വിശദാംശങ്ങളും പിൻ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങളും അഭ്യർഥിക്കുന്ന വെബ്പേജിലേക്കാണ് ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ പോയത്. ഈ വിവരങ്ങൾ നൽകിയ ശേഷം ഒ.ടി.പി നൽകാൻ ഇരയോട് ആവശ്യപ്പെട്ടു. ഒ.ടി.പി നൽകിയയുടൻ അക്കൗണ്ടിൽ നിന്ന് 15,000 ദീനാർ പിൻവലിച്ചതായി ബാങ്കിൽ നിന്ന് അറിയിപ്പ് ലഭിച്ചു.
പരാതി നൽകിയതിനെത്തുടർന്ന് സാമ്പത്തിക കുറ്റകൃത്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ, പ്രതിയായ ഏഷ്യക്കാരൻ മോഷ്ടിച്ച തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്നതായി കണ്ടെത്തി. മൊബൈൽ സിം കാർഡ് എടുക്കാനെന്ന പേരിൽ ഒരാളിൽ നിന്ന് വാങ്ങിയ ഐ.ഡിയാണ് ഉപയോഗിച്ചത്.
ഈ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തി കൈവശപ്പെടുത്തിയ പണം വിദേശത്തേക്ക് കൈമാറുകയായിരുന്നു.തിരിച്ചറിയൽ കാർഡിന്റെ ഉടമയെ പൊലീസ് പിടികൂടിയതറിഞ്ഞ പ്രതി രാജ്യം വിടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഹൈ ക്രിമിനൽ കോടതി സെപ്റ്റംബർ 16ന് കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.