മനാമ: ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ബി.കെ.എസ് സംഗീതരത്ന പുരസ്കാരം പ്രമുഖ സംഗീത സംവിധായകൻ ജെറി അമൽദേവിന്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ നാൽപത് വർഷമായി സംഗീത ശാഖക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.
പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകൻ നൗഷാദിന്റെ സംഗീത സംവിധാനത്തിന് കീഴിൽ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കിയിട്ടുള്ള അദ്ദേഹം അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ സേവ്യർ യൂനിവേഴ്സിറ്റിയിൽനിന്ന് സംഗീതത്തിൽ ബിരുദവും ന്യൂയോർകിലെ കോർണൽ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
നാലു വർഷക്കാലത്തോളം ന്യൂയോർകിൽ സംഗീത പരിശീലകനായി പ്രവർത്തിച്ചതിനുശേഷമാണ് കേരളത്തിൽ തിരിച്ചെത്തുന്നതും ഫാസിൽ സംവിധാനം നിർവഹിച്ച ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ‘ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നതും.ആദ്യ ചിത്രത്തിലെ ഗാനങ്ങൾക്കുതന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ജെറി അമൽദേവ് നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങൾക്കും ആൽബങ്ങൾക്കും സംഗീതമൊരുക്കിയിട്ടുണ്ട്.
1986ൽ മാർപാപ്പ കേരളത്തിലെത്തിയപ്പോൾ ഏകദേശം അഞ്ഞൂറു ഗായകരും നാൽപതോളം ഓർക്കസ്ട്ര അംഗങ്ങളെയും ചേർത്ത് ക്വയർ അവതരിപ്പിച്ചതും ജെറി അമൽദേവ് ആയിരുന്നു.
ഈ മാസം 26ന് ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പുരസ്കാരം സമർപ്പിക്കുമെന്നും ആഘോഷങ്ങളുടെ ഭാഗമായി ജെറി അമൽദേവ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ സിംഫണി അരങ്ങേറുമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമാജം മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓഡിഷനിൽനിന്നും തെരഞ്ഞെടുത്ത 50 ഗായകരാണ് 26നു രാത്രി എട്ടിനു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സിംഫണിയിൽ പങ്കെടുക്കുന്നത്.
വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ക്രിസ്മസ് ആഘോഷ കമ്മിറ്റി കൺവീനർ ബിൻസി റോയ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 26നു വൈകീട്ട് 6.30ന് ക്രിസ്മസ് കേക്ക് മത്സരവും ഏഴിന് ക്രിസ്മസ് ട്രീ മത്സരവും തുടർന്ന് നാടൻ കരോളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബിൻസി റോയ് 3392 9920, അജയ് പി. നായർ.3913 0301 സജി കുടശ്ശനാട് 39828223
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.