ബിനു കുന്നന്താനം
മനാമ: കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ ആളുകളെ സഹായിക്കാൻ പദ്ധതികൾ ഇല്ലാത്തതാണ് ബജറ്റ് എന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം. ഭരണത്തുടർച്ച ലഭിച്ച സർക്കാർ പാവങ്ങളെ സഹായിക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് പ്രാധാന്യം നൽകേണ്ടത്.
കോവിഡിൽ മരിച്ച നിരവധി ആളുകൾ നമ്മുടെ നാട്ടിലും പ്രവാസലോകത്തുമുണ്ട്. കുടുംബങ്ങളുടെ വരുമാന സ്രോതസ്സ് ആയിരുന്ന ആളുകളാണ് മരിച്ചത്.ആ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തയാറാകണം. മരിച്ചവരുടെ പേരിലുള്ള വായ്പകൾ എഴുതിത്തള്ളാനുള്ള പദ്ധതികൾ ബജറ്റിൽ ഉണ്ടാകേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അങ്ങനെ ഒരു പ്രഖ്യാപനവും കാണാൻ സാധിച്ചില്ല.
ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയ പ്രവാസികൾക്ക് സംരംഭം ആരംഭിക്കാൻ ലോൺ എടുക്കുമ്പോൾ പലിശ സബ്സിഡിക്ക് 25 കോടി രൂപ വകയിരുത്തിയത് വളരെ കുറവാണ്. ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്ന പ്രവാസികൾക്ക് കൂടുതൽ സൗജന്യങ്ങൾ നൽകിയാൽ മാത്രമേ കൂടുതൽ പദ്ധതികൾ സംസ്ഥാനത്തുവരൂ. അങ്ങനെ തിരിച്ചു വരുന്ന പ്രവാസികൾക്ക് ആവശ്യമായ തൊഴിൽ ലഭ്യമാക്കാൻ സാധിക്കും. കോവിഡ് പ്രതിസന്ധിമൂലം തിരികെപ്പോകാൻ സാധിക്കാതെ അനേകം പ്രവാസികൾ നാട്ടിൽ കുടുങ്ങി കിടപ്പുണ്ട്. അങ്ങനെ പ്രവാസികളെ സഹായിക്കാനുള്ള ദീർഘകാല പദ്ധതികൾ ആരംഭിക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.