മനാമ: സ്വദേശി തൊഴില്‍ദാന പദ്ധതിയുടെ രണ്ടാംഘട്ടം തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിച്ചു. 2021ല്‍ 25,000 സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. വര്‍ഷംതോറും 10,000 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും തീരുമാനമുണ്ട്.
ബഹ്റൈന്‍ തൊഴില്‍വിപണിയില്‍ സ്വദേശികള്‍ക്ക് മികച്ച പരിഗണന ലഭിക്കുന്നതിന് വഴിയൊരുക്കാനും അതുവഴി തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരാനുമാണ് ശ്രമം. ദേശീയ തൊഴില്‍ ഫണ്ടായ 'തംകീന്‍' വരുന്ന മൂന്നു വര്‍ഷത്തെ തൊഴില്‍ദാന പദ്ധതികള്‍ക്കായി മൊത്തം 120 ദശലക്ഷം ദീനാറാണ് വകയിരുത്തിയത്. തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാഴ്ചക്കുശേഷമാണ് നിലവില്‍ വിദേശ തൊഴിലാളികളെ പരിഗണിക്കുന്നത്. ഇത് മൂന്നാഴ്ചയായി ദീര്‍ഘിപ്പിക്കും. നിയമവിരുദ്ധ തൊഴിലാളികളെ കെണ്ടത്തി ഒഴിവാക്കാനാവശ്യമായ നടപടികള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
ബഹ്റൈനും യു.എ.ഇയും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതിന് അമേരിക്ക നല്കിയ അംഗീകാരത്തെ കാബിനറ്റ് സ്വാഗതംചെയ്തു. അമേരിക്കയുമായി ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇത് അവസരമൊരുക്കും. ബജറ്റ് സന്തുലനം, തൊഴില്‍ദാന പദ്ധതി രണ്ടാംഘട്ടം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് കാബിനറ്റ് അംഗീകാരം നല്കി. പെന്ഷന് ഫണ്ടുകളുടെ സുസ്ഥിരത നിലനിര്‍ത്തുന്നതിന് സന്തുലിത ബജറ്റിലേക്ക് എത്തിക്കണമെന്ന നിര്‍ദേശം അംഗീകരിക്കുകയും അതിനനുസരിച്ച് കാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
പെട്രോ കെമിക്കല്‍ നിര്‍മാണ കമ്പനിയുടെ ഷെയറുമായി ബന്ധപ്പെട്ട് നിയമ ഭേദഗതികള്‍ക്കും അംഗീകാരം നല്കി. ടെലികോം ഫ്രീക്വന്‍സി സ്പെക്ട്രം കോഓഡിനേഷന്‍ സ്ട്രാറ്റജിക് കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ട്രാഫിക് നിയമത്തിലെ ഫാന്‍സി നമ്പറുകളുടെ ലേലവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രാലയ സമിതിയുടെ നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്കി. വിരമിച്ചവര്‍ക്കുള്ള പെന്ഷന് മാസാന്തം 500 ദീനാറില്‍ കുറവുള്ളവര്‍ക്ക് വര്‍ഷാന്ത വര്‍ധന വരുത്താന്‍ അംഗീകാരം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.