മനാമ: ജോലി തേടി സന്ദർശക വിസയിൽ എത്തിയശേഷം പട്ടിണിയിലും ദുരിതത്തിലും കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നു. ജോലിയും വരുമാനവും ഇല്ലാതെ പാർക്കുകളിൽ അഭയം തേടുന്നവരുടെ ദയനീയ ചിത്രമാണ് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത്തരത്തിൽ നിസ്സഹായാവസ്ഥയിൽ കഴിഞ്ഞ ആന്ധ്ര സ്വദേശിയെ ഇവരുടെ ഇടപെടലിലൂടെ സുരക്ഷിതമായ താമസ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. നാട്ടിലെ ഏജന്‍റിന് ഒരു ലക്ഷം രൂപ കൊടുത്താണ് ആന്ധ്ര സ്വദേശി ബഹ്റൈനിൽ എത്തിയത്. ക്ലീനിങ് കമ്പനിയിലാണ് ജോലിയെന്നും മറ്റ് കാര്യങ്ങൾ ബഹ്റൈനിലെ ഏജന്‍റ് നോക്കിക്കൊള്ളുമെന്നുമാണ് ഇയാളോട് പറഞ്ഞിരുന്നത്.
എന്നാൽ, നാട്ടിൽനിന്ന് നൽകിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് ഇവിടെയെത്തിയശേഷമാണ് മനസ്സിലായത്. ജോലി ലഭിക്കാതായതോടെ വാടക കൊടുക്കാനും മാർഗമില്ലാതായി. ഒടുവിൽ ഇയാൾ കണ്ടെത്തിയ അഭയ കേന്ദ്രമായിരുന്നു മനാമ അൽ ഹമ്റ തിയറ്ററിന് സമീപമുള്ള പാർക്ക്.
ഭക്ഷണമില്ലാതെ ദയനീയ അവസ്ഥയിലായ ഇയാളെക്കുറിച്ച് സമീപത്തുള്ളവർ അറിയിച്ചതനുസരിച്ചാണ് സാമൂഹിക പ്രവർത്തകർ രക്ഷക്കെത്തിയത്. തുടർന്ന് തെലുങ്ക് കലാസമിതിയുടെ സഹായത്തോടെയാണ് ഇയാൾക്ക് താമസസ്ഥലം ശരിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.