ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? എന്റെ വിസയുടെ കാലാവധി ഒരു മാസം കൂടെ ഉണ്ട്. എനിക്ക് നിലവിലെ തൊഴിൽ ഉടമയുമായി കരാർ പുതുക്കാൻ താൽപര്യം ഇല്ല. മറ്റൊരു തൊഴിലിനു വേണ്ടി ശ്രമിക്കാൻ അദ്ദേഹം സമ്മതിക്കുന്നില്ല. തൊഴിൽക്കരാർ കഴിഞ്ഞതിനു ശേഷം മതി എന്നാണ് പറയുന്നത്. തൊഴിൽക്കരാർ കഴിഞ്ഞാൽ എനിക്ക് എത്രകാലം ബഹ്റൈനിൽ തുടരാം. ഓപൺ മൊബിലിറ്റി എടുത്താൽ എനിക്ക് അധികം കാലം ഇവിടെ തുടരാൻ സാധിക്കുമോ- ഷാ
• താങ്കളുടെ ഇപ്പോഴത്തെ തൊഴിൽവിസ റദ്ദുചെയ്തു കഴിഞ്ഞാൽ പിന്നെ ഇവിടെ 30 ദിവസം താമസിക്കാൻ സാധിക്കും. ആ സമയം വേറെ തൊഴിൽ ലഭിച്ചാൽ ഇവിടെനിന്ന് തന്നെ താങ്കളുടെ പുതിയ വിസ അടിക്കാൻ സാധിക്കും.
തൊഴിൽ വിസ റദ്ദ് ചെയ്ത് കഴിഞ്ഞാൽ പിന്നെ മൊബിലിറ്റി ആവശ്യമില്ല. 30 ദിവസം കഴിയുന്നതിനുമുമ്പേ വേറെ വിസയിലേക്ക് മാറിയില്ലെങ്കിൽ താങ്കൾ തിരികെ പോകണം. എന്നിട്ട് പുതിയ വിസയും ജോലിയും ലഭിക്കുമ്പോൾ തിരികെ വരണം. വിസ ഇല്ലാതെ ഇവിടെ താമസിക്കാൻ പാടില്ല. അത് നിയമവിരുദ്ധമാണ്.
?ഒരു വിദേശ തൊഴിലാളിക്ക് സോഷ്യൽ ഇൻഷുറൻസിൽനിന്ന് (GOSI) ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണ്- രമേശ്
• a. തൊഴിലിന് പോകാൻ പറ്റാത്ത ദിവസങ്ങളിൽ അല്ലെങ്കിൽ ചികിത്സാസമയത്തെ മുഴുവൻ ശമ്പളം.
b. ചികിത്സ അല്ലെങ്കിൽ അതിനുള്ള ചെലവ്.
c. അംഗവൈകല്യം സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം. മരണം സംഭവിച്ചാൽ നഷ്ടപരിഹാരം ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുകയാണ് ലഭിക്കുക.
d. ഡെത്ത് ഗ്രാന്റ് ആയി ആറുമാസത്തെ ശമ്പളം
e. മൃതദേഹം സംസ്കരിക്കാനുള്ള ചെലവ്. ഈ ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് ആറ് മാസം ജോലി ചെയ്തിരിക്കണം.
ഇതെല്ലാം ലഭിക്കണമെങ്കിൽ ഗോസിയുടെ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ നൽകിയിരിക്കണം. ഇത് തൊഴിലുടമയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.