എന്റെ സ്നേഹിതന് ജോലിസമയത്ത് ഗതാഗത നിയമലംഘനം മൂലം അപകടം സംഭവിച്ചിരുന്നു. ഇപ്പോൾ ഗോസിയിൽനിന്നോ വാഹന ഇൻഷുറൻസിൽനിന്നോ നഷ്ടപരിഹാരം ഒന്നും ലഭിക്കുകയില്ലെന്ന് പറയുന്നു. ഇത് ശരിയാണോ. ഏത് സാഹചര്യത്തിലാണ് ഗോസിയിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുന്നത്. ഗോസി നിയമത്തിൽ ഇക്കാര്യത്തിൽ വ്യവസ്ഥകളുണ്ടോ?
സന്തോഷ് വെസ്റ്റ് റിഫ
● ജോലിസ്ഥലത്തുവെച്ചോ ജോലിസംബന്ധമായോ ഉണ്ടാകുന്ന അപകടങ്ങളാണ് ഗോസിയുടെ (GOSI) പരിധിയിൽ വരുന്നത്. വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള നേരിട്ടുള്ള യാത്രയും ജോലിസമയമായി കണക്കാക്കും എന്നതിനാൽ ആ സമയത്തുള്ള അപകടങ്ങളും ഗോസിയുടെ പരിധിയിൽ വരും. സ്വയം പരിക്ക് വരുത്തുകയോ പരിക്കുണ്ടായിട്ട് അത് ശ്രദ്ധിക്കാതിരിക്കുകയോ സ്വന്തം അശ്രദ്ധകൊണ്ട് അപകടം സംഭവിക്കുകയോ പരിക്കുമൂലമുള്ള ശാരീരിക സ്ഥിതികൊണ്ട് ചെയ്യാൻ പറ്റാത്ത ജോലി ചെയ്യുകയോ ചികിത്സ നിർദേശം പാലിക്കാതിരിക്കുകയോ ചെയ്താൽ ഗോസിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയില്ലെന്നാണ് ഗോസി നിയമത്തിൽ പറയുന്നത്. പക്ഷേ, ഈ കാരണങ്ങൾ കൊണ്ട് 25 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമോ മരണമോ സംഭവിച്ചാൽ ഗോസിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. ഇത് തീരുമാനിക്കുന്നത് പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അംഗവൈകല്യത്തിന്റെ തോത് തീരുമാനിക്കുന്നത് മെഡിക്കൽ കമീഷൻ ആണ്.
വാഹനാപകടമാണെങ്കിൽ ഗോസിയിൽനിന്ന് നഷ്ടപരിഹാരം ലഭിച്ചാൽ പിന്നെ വാഹന ഇൻഷുറൻസിൽനിന്ന് പണം ലഭിക്കുകയില്ല. ഏതെങ്കിലും ഒരു ഇൻഷുറൻസിൽനിന്ന് മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഗോസിയുടെ പരിധിയിൽ വരാത്ത വാഹനാപകടത്തിൽനിന്നും ഉണ്ടാകുന്ന അംഗവൈകല്യത്തിനോ മരണത്തിനോ നഷ്ടപരിഹാരം ലഭിക്കുന്നത് വാഹനത്തിന്റെ ഇൻഷുറൻസിൽ നിന്നാണ്. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് പൊലീസിന്റെ റിപ്പോർട്ട് അല്ലെങ്കിൽ ക്രിമിനൽ കോടതിയുടെ ഉത്തരവ് പ്രകാരമാണ്. ട്രാഫിക് നിയമലംഘനത്തിൽനിന്നും ഉണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. ഉദാഹരണത്തിന് റെഡ് സിഗ്നൽ മറികടക്കുന്നത് മൂലം വാഹനാപകടം ഉണ്ടായി പരിക്കുപറ്റുകയോ മരണം സംഭവിക്കുകയോ ചെയ്താൽ വാഹനം ഓടിച്ച ഡ്രൈവർക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയില്ല. ആ അപകടംകൊണ്ട് മറ്റു വാഹനത്തിനോ വ്യക്തികൾക്കോ എന്തെങ്കിലും സംഭവിച്ചാൽ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഡ്രൈവർ നഷ്ടപരിഹാരം നൽകേണ്ടിവരും. അതിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ല.
ഓരോ സംഭവത്തിന്റെയും അടിസ്ഥാനത്തിലാണ് ഇതൊക്കെ തീരുമാനിക്കുന്നത്. വാഹന അപകടത്തിന്റെ കാര്യത്തിൽ പൊലീസ് റിപ്പോർട്ട് വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ കോടതിയുടെ ഉത്തരവ് ഉണ്ടാകുന്നത്. ഈ സാഹചര്യങ്ങളിലെല്ലാം ഒരു ബഹ്റൈനി അഭിഭാഷകന്റെ സഹായം തേടുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.