മനാമ: വൈദ്യുതി കൺവൾസീവ് തെറപ്പി (ECT) മാനസിക രോഗികളിൽ അവരുടെയോ ബന്ധുക്കളുടെയോ രക്ഷിതാക്കളുടെയും സമ്മതമില്ലാതെ ഉപയോഗിക്കരുതെന്ന് പാർലമെന്റിൽ എം.പിമാർ ആവശ്യപ്പെട്ടു. പാർലമെൻറിന്റെ പ്രതിവാര സമ്മേളനത്തിലാണ് ആവശ്യമുന്നയിച്ചത്. 2013ലെ സൈക്യാട്രിക് (മാനസിക) ആരോഗ്യ നിയമത്തിലെ ഭേദഗതികൾ അനുസരിച്ച്, രോഗിയെ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുകയാണെങ്കിൽ മാത്രമേ അത്തരം ചികിത്സ നൽകാവൂ. ചില മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളിൽനിന്ന് മോചനം നേടാൻ ലക്ഷ്യമിട്ട് തലച്ചോറിലൂടെ വൈദ്യുതി പ്രവാഹം അയക്കുന്നത് ഉൾപ്പെടുന്ന ചികിത്സയാണ് ഇ.സി.ടി. ഈ രീതി പ്രാകൃതമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. എന്നാലും, ആവശ്യമുള്ളപ്പോൾ ബഹ്റൈന്റെ ചില പ്രത്യേക പ്രോട്ടോകോളുകൾ പാലിക്കാമെന്ന് ആരോഗ്യ മന്ത്രാലയം പ്രതിനിധി ഡോ. ഇമാൻ ഹാജി പറഞ്ഞു.
അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് തെറപ്പി ചെയ്യുന്നത്. സമ്മതത്തിലൂടെ നടപടിക്രമം നടത്തുമ്പോൾ കർശനമായ പ്രോട്ടോകോളുകൾ പിന്തുടരുമെന്നും ഡോ. ഇമാൻ ഹാജി പറഞ്ഞു. രോഗി മരുന്നുകൾ നിരസിച്ച സന്ദർഭങ്ങളിൽ മാത്രമാണ് തെറപ്പി ഉപയോഗിക്കുന്നതെന്ന് മുൻ സൈക്യാട്രിസ്റ്റായ എം.പി ഡോ. മസൂമ അബ്ദുറഹീം പറഞ്ഞു. പൊതുവായ മാനസിക ചികിത്സക്ക് രോഗിയുടെയോ ബന്ധുക്കളുടെയോ പബ്ലിക് പ്രോസിക്യൂഷന്റെയോ സമ്മതമോ അനുമതിയോ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മനിയ പറഞ്ഞു. കൂടുതൽ ഭേദഗതികളെക്കുറിച്ചുള്ള ചർച്ച അടുത്ത സമ്മേളനത്തിൽ തുടരും. സർവിസ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ അൻസാരിയും വൈസ് ചെയർമാൻ അമ്മാർ അൽ മുഖ്താറും ആരോഗ്യകാരണങ്ങളാൽ അവധിയായതിനാൽ ചർച്ച പിന്നീടാക്കാമെന്ന് സ്പീക്കർ ഫൗസിയ സൈനൽ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.