മനാമ: ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാൻഡ് ക്രോസ് അവാർഡ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് യുനൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും നോർതേൺ അയർലൻഡിന്റെയും രാജാവ് ചാൾസ് മൂന്നാമൻ സമ്മാനിച്ചു. റോയൽ വിക്ടോറിയൻ ഓർഡറിന്റെ ഏറ്റവും പ്രമുഖ അവാർഡായ നൈറ്റ് ഗ്രാൻഡ് ക്രോസ് വിൻസർ കാസിലിൽ നടന്ന ചടങ്ങിലാണ് ഹമദ് രാജാവിന് സമർപ്പിച്ചത്.
ഹമദ് രാജാവും ചാൾസ് മൂന്നാമൻ രാജാവും യു.കെയിലെ വിൻഡ്സർ കാസിലിൽ കൂടിക്കാഴ്ച നടത്തി. രാജകീയ വാഹനത്തിൽ വിൻഡ്സർ കാസിലിൽ എത്തിയ ഹമദ് രാജാവിനെ ഔദ്യോഗിക ബഹുമതികളോടെ ചാൾസ് മൂന്നാമൻ രാജാവ് സ്വീകരിച്ചു. ഇരുവരും ചേർന്ന് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.
വിൻഡ്സർ കാസിലിലെ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ചാൾസ് മൂന്നാമൻ രാജാവ് ഹമദ് രാജാവിനെ സ്നേഹപൂർവം സ്വാഗതം ചെയ്തു. ബഹ്റൈൻ-ബ്രിട്ടീഷ് ബന്ധത്തിന്റെ ശക്തിയും വ്യതിരിക്തതയും ഇരുവരും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ബഹ്റൈനും യു.കെയും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഹമദ് രാജാവ് തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ചാൾസ് രാജാവിനോട് നന്ദി രേഖപ്പെടുത്തി.
200 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും ശക്തമായ പങ്കാളിത്തത്തെയും ഹമദ് രാജാവ് പ്രശംസിച്ചു. മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ, പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയവുമായ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.