മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് തൊഴിലാളികളുടെ ടീമുകളെ മാത്രം ഉൾക്കൊള്ളുന്ന ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
നവംബർ 15ന് ബുസൈറ്റീനിലെ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് രാവിലെ ആറിന് ആരംഭിക്കും. വൈകുന്നേരം നാലു വരെയാണ് മത്സരങ്ങൾ. ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളെ പ്രതിനിധീകരിച്ച് 16 ടീമുകൾ ഒത്തുചേരും.
തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്തുക, കമ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരുക എന്നിവയാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ തോമസ് പറഞ്ഞു. സ്പോർട്സിലൂടെ പങ്കെടുക്കുന്ന തൊഴിലാളികളുടെ ആവേശം ഉയർത്താൻ സാധിക്കും. മാത്രമല്ല, വിനോദത്തിനും സൗഹൃദത്തിനുമുള്ള അവസരങ്ങളിലൂടെയും തൊഴിലാളി സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഐ.സി.ആർ.എഫിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പരിപാടികൾ.
25 വർഷത്തിലേറെ സേവനമനുഷ്ഠിച്ച 25 തൊഴിലാളികളെ കഴിഞ്ഞ ദിവസം ഐ.സി.ആർ.എഫ് ആദരിച്ചിരുന്നു. കമ്യൂണിറ്റി അംഗങ്ങൾ ടീമംഗങ്ങൾക്ക് പ്രോത്സാഹനമായി എത്തിച്ചേരണമെന്ന് ഐ.സി.ആർ.എഫ് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39337866,39802727 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.