മനാമ: കേരള പ്രവാസി ക്ഷേമനിധി സംബന്ധിച്ച പ്രവാസികളുടെ എല്ലാ പരാതികളും ആശങ്കകളും പരിഹരിക്കാൻ സത്വര നടപടിയെടുക്കുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ അറിയിച്ചു.
കേരള പ്രവാസി ക്ഷേമനിധി സംബന്ധിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ക്ഷേമനിധിയിൽ ഓൺലൈനായി ചേരുന്നയാൾക്ക് ഡിജിറ്റൽ കാർഡ് ലഭിക്കാൻ രണ്ടുമാസത്തോളം താമസമുണ്ടാകുന്നു, ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചാൽ വ്യക്തമായി മറുപടി കിട്ടുന്നില്ല എന്നീ പരാതികളിൽ ഉടൻ പരിഹാരമുണ്ടാകും.
ക്ഷേമനിധിയുമായി ബന്ധപ്പെട്ട് പ്രവാസികളുന്നയിക്കുന്ന പരാതികൾ പരിഹരിക്കാൻ നോർക്കയുടെ സഹായത്തോടെ നോഡൽ ഓഫിസറെ നിയമിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് കെ.വി. അബ്ദുൽ ഖാദർ പറഞ്ഞു.
കേരള സർക്കാർ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉന്നമനത്തിനും സംരക്ഷണത്തിനുമായി ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയായ കേരള പ്രവാസി ക്ഷേമനിധി വളരെയേറെ പ്രയോജനകരമാണെന്നും എല്ലാ പ്രവാസികളും അതിൽ അംഗങ്ങളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.