മനാമ: ട്രേഡിങ്ങിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് സമാനമായ രീതിയിൽ 2013ലും ബഹ്റൈനിൽ നടന്നിരുന്നു. അന്നും വഞ്ചിക്കപ്പെട്ടത് ഹോട്ടലുകളും ട്രാവൽ ഏജൻസികളും കമ്പ്യൂട്ടർ വ്യാപാരികളും അടക്കം നിരവധിപേരാണ്.
ഇന്ത്യൻ സ്ഥാപനങ്ങളെയാണ് അന്നും തട്ടിപ്പുകാർ കൂടുതലും നോട്ടമിട്ടത്. പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകിയാണ് അന്ന് സംഘം വ്യാപാരികളെ കബളിപ്പിച്ചത്. പല വ്യാപാരികൾക്കും 200 ദിനാർ മുതൽ 20000 ദിനാർ വരെ അന്ന് നഷ്ടമായിരുന്നു.
ഈ തട്ടിപ്പുകൾ സംബന്ധിച്ച് ‘ഗൾഫ്മാധ്യമം’ വിശദമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം 12000 ദിനാർ വിലപിടിപ്പുള്ള കട്ടിലുകളും മറ്റും വാങ്ങിയ കമ്പനി പോസ്റ്റ് ഡേറ്റഡ് ചെക്ക് നൽകിയതിൽ സംശയം തോന്നിയ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരൻ സാമൂഹിക പ്രവർത്തകരോട് വിവരം പങ്കുവെച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. മറ്റു ജി.സി.സി രാജ്യങ്ങളിലും അന്ന് സമാനമായ തട്ടിപ്പുകൾ അരങ്ങേറിയിരുന്നു.
തങ്ങളിൽനിന്ന് വാങ്ങിയ സാധനങ്ങൾ വില കുറച്ച് മാർക്കറ്റിൽ വിൽക്കുന്നതിന്റെ വിവരങ്ങൾ ലഭിച്ചതാണ് അന്ന് വ്യാപാരികൾക്ക് സംശയം തോന്നാൻ കാരണം. ഇലക്ട്രിക്കൽ സ്ഥാപനങ്ങളിൽ നിന്ന് അന്ന് തട്ടിപ്പ് കമ്പനി കേബിളുകൾ വാങ്ങിക്കൂട്ടുകയായിരുന്നു.
30 നിലയുള്ള കെട്ടിടത്തിന്റെ പ്രോജക്റ്റാണ് തങ്ങളുടേതെന്ന് വിശ്വസിപ്പിച്ചാണ് കേബിളുകൾ വാങ്ങിയിരിക്കുന്നത്. 45 ദിവസത്തേക്കുള്ള പോസ്റ്റ് ഡേറ്റഡ് ചെക്കാണ് അന്ന് നൽകിയത്. വില പേശാതെ സാധനങ്ങൾ വാങ്ങിക്കുന്നതിൽ ചിലർക്ക് സംശയം തോന്നിയതിനാൽ അവർ വ്യാപാരത്തിൽനിന്ന് പിന്മാറി.
അതുകൊണ്ടുമാത്രം തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടവരുമുണ്ടായിരുന്നു. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നാസർ മഞ്ചേരി, പവിത്രൻ നീലേശ്വരം തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്ന് ഇന്ത്യൻ എംബസിയെ സമീപിച്ച് പരാതി നൽകിയിരുന്നു. ഈ തട്ടിപ്പുകളെ തുടർന്ന് വ്യാപാരികൾ ശ്രദ്ധ പുലർത്തിയിരുന്നു. എന്നാൽ വീണ്ടും സമാന രീതിയിലുള്ള തട്ടിപ്പുകൾ ആവർത്തിക്കുന്നു എന്നതിൽ നിന്ന് കൂടുതൽ ജാഗ്രത വേണ്ടതുണ്ടെന്നാണ് വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.