സൈബർ സുരക്ഷ: അന്താരാഷ്ട്ര സഹകരണത്തിന് വഴിതെളിയുന്നു

മനാമ: സൈബർ സെക്യുരിറ്റി സംബന്ധിച്ച രാജ്യത്തിന്റെ കർശന നിലപാട് യു. എൻ സെക്യുരിറ്റി കൗൺസിൽ യോഗത്തിൽ യു.എന്നിലെ ബഹ്‌റൈൻ അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈ പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തിൽ അന്താരാഷ്ട്ര സഹകരണത്തിന് വഴി തെളിയുന്നു. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ സുരക്ഷ അത്യന്താപേക്ഷിതമാണെന്നാണ് ബഹ്റൈനിന്റെ നിലപാട്. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ (ഐ.ടി.യു) റിപ്പോർട്ട് പ്രകാരം ബഹ്‌റൈൻ സൈബർ സെക്യൂരിറ്റി റെഡിനസ് മെച്യൂരിറ്റി ഇൻഡക്‌സിൽ ഉയർന്ന സ്ഥാനത്താണ്.

സൈബർ ആക്രമണങ്ങൾ പലപ്പോഴും മറ്റു രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതിനാൽ ഒരു രാജ്യത്തിന് മാത്രമായി അത് തടയാനാനാവില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. രാജ്യത്തിന്റെ സൈബർ നയവും സഹകരണത്തിനുള്ള സന്നദ്ധത പ്രഖ്യാപിക്കുന്നതാണ്. സുരക്ഷിതവും സമാധാനപരവുമായ സൈബർ ഇടം ഉറപ്പാക്കുന്നതിനും സമാധാനത്തിനും സുസ്ഥിരതക്കും ഭംഗം വരുത്തുകയും ചെയ്യുന്ന സൈബർ ആക്രമണങ്ങൾ തടയുന്നതിനുമുള്ള ബഹ്‌റൈന്റെ സന്നദ്ധതയെ അംബാസഡർ അൽ റുവൈ യോഗത്തിൽ ഊന്നിപ്പറയുകയും ചെയ്തു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനം ലോകത്തിന്റെ പ്രവർത്തനരീതിയെ മാറ്റിമറിച്ചു. ആധുനിക ജീവിതത്തിന്റെ എല്ലാ മേഖലകളെയും സാങ്കേതികവിദ്യ സ്വാധീനിക്കുന്നുണ്ട്. ഇത് വലിയ കുതിച്ചുചാട്ടമാണ് മനുഷ്യരാശിക്കാകമാനം ഉണ്ടാക്കിയത്. അതേസമയം തന്നെ സാ​ങ്കേതികവിദ്യ വലിയ ഭീഷണികളും സൃഷ്ടിക്കുന്നു. സൈബർ ആക്രമണങ്ങൾ സാമ്പത്തികരംഗത്തും ആരോഗ്യ, ഭരണ രംഗത്തും അസ്വസ്ഥത വിതയ്ക്കുന്നു. സാമൂഹിക സുസ്ഥിരതയെയും ഇത് പലപ്പോഴും ബാധിക്കുന്നു.

മനുഷ്യാവകാശങ്ങൾ, മൗലികസ്വാതന്ത്ര്യങ്ങൾ എന്നിവയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രീതിയിൽ സൈബർസ്‌പേസിനായി അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും സജ്ജീകരിക്കേണ്ടതിന്റെ ആവശ്യകത അംബാസഡർ ചൂണ്ടിക്കാട്ടി. സൈബർസ്‌പേസിൽ ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും ക്ഷുദ്ര പ്രവർത്തനങ്ങൾ തടയുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൈബർസ്‌പേസിൽ രാജ്യങ്ങൾക്കിടയിൽ സുതാര്യതയും ആത്മവിശ്വാസം വളർത്തുന്ന നടപടികളും വർദ്ധിപ്പിക്കണം. മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിക്കാൻ രാജ്യങ്ങൾക്ക് വ്യക്തമായ സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്കിംഗ് മേഖലയിലും മറ്റും അടുത്തിടെയായി തട്ടിപ്പുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വ്യാജ മെസേജുകളയച്ചാണ് തട്ടിപ്പുകാർ പലപ്പോഴും കബളിപ്പിക്കൽ നടത്തുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നാണെന്ന വ്യാജേന ഫോൺ വിളിച്ച് വ്യക്തിവിവരങ്ങൾ കൈവശപ്പെടുത്തിയശേഷമാണ് ഇവർ തട്ടിപ്പുനടത്തുന്നത്. ഇത്തരം തട്ടിപ്പുകൾ വ്യാപകമായതോടെ സർക്കാർ കർശന നടപടികൾ സ്വീകരിച്ചിരുന്നു.

പക്ഷെ തട്ടിപ്പുകാർ പലപ്പോഴും അന്യരാജ്യങ്ങളിലിരുന്നാണ് പ്രവർത്തനം നടത്തുന്നതെന്നതിനാൽ നടപടിയെടുക്കാൻ പലപ്പോഴും സാധിക്കുന്നില്ല. അന്താരാഷ്ട്ര സഹകരണം ഇക്കാര്യത്തിലുണ്ടാകുകയാണെങ്കിൽ ഈ തട്ടിപ്പുകൾക്ക് അവസാനമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തട്ടിപ്പുകളും വ്യാജൻമാരും പിടിക്കപ്പെടുന്നത് നിക്ഷേപകർക്കും വ്യാപാരം വ്യവസായ സമൂഹത്തിനും ആത്മവിശ്വാസമുണ്ടാക്കുകയും അത് വികസനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും എന്നാണ് രാജ്യത്തിന്റെ കാഴ്ചപ്പാട്.

Tags:    
News Summary - Cyber ​​Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT