മനാമ: സിനിമാറ്റിക് ഡാൻസിന്റെ ബ്രാൻഡ് അംബാസഡർ എന്നു വിളിക്കാവുന്ന റംസാൻ മുഹമ്മദ് ബഹ്റൈനിലെത്തി. കാഴ്ചക്കാരുടെ മനസ്സിനും ശരീരത്തിനും വൈദ്യുതാലിംഗനം നൽകുന്ന ഹൈവോൾട്ടേജ് ചുവടുകൾക്ക് ഇനി രണ്ടുദിനം മാത്രമാണുള്ളത്. ‘ഗൾഫ് മാധ്യമം’ ജൂൺ 30ന് ക്രൗൺ പ്ലാസയിലൊരുക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ മെഗാ മ്യൂസിക്കൽ ആൻഡ് എന്റർടൈൻമെന്റ് പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് റംസാൻ എത്തിയത്. പവിഴദ്വീപിന്റെ പെരുന്നാളാഘോഷങ്ങൾക്ക് വർണപ്പൊലിമ നൽകി, റംസാനും ടീമും ഇടിവെട്ട് പ്രകടനം കാഴ്ചവെക്കും.
ബഹ്റൈൻ വിമാനത്താവളത്തിലെത്തിയ റംസാനെ ഗൾഫ് മാധ്യമം റെസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല, കോർപറേറ്റ് ഇവന്റ് മാനേജർ മുഹസിൻ എം. അലി, അഡ്വൈർടൈസ്മെന്റ് മാനേജർ ഷക്കീബ് വലിയപീടികക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ലെജന്ററി സിംഗർ ഉണ്ണി മേനോനടക്കം മൂന്നു തലമുറകളുടെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ഗായകരാണ് ബഹ്റൈൻ ബീറ്റ്സിൽ അണിനിരക്കുന്നത്. വൈഷ്ണവ് ഗിരീഷ്, ജാസിം ജമാൽ, ആൻ ആമി, ചിത്ര അരുൺ തുടങ്ങി ട്രെൻഡി സോങ്ങുകളിലൂടെ ഹൃദയം കവർന്ന യുവനിരയും എട്ടുവയസ്സുകാരിയായ മേഘ്ന സുമേഷും സംഗീതാസ്വാദകരുടെ പ്രതീക്ഷകൾ സഫലമാക്കും. പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി രമേഷ് പിഷാരടിയും മിമിക്രിയിലെ പുത്തൻ താരോദയം അശ്വന്ത് അനിൽകുമാറുമെത്തും. നടിയും ടെലിവിഷൻ താരവുമായ അശ്വതി ശ്രീകാന്താണ് അവതാരക. ടിക്കറ്റുകൾ 97334619565 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. വനേസ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.