മനാമ: തൊഴിൽ നഷ്ടമായി പാർക്കിൽ അന്തിയുറങ്ങേണ്ടിവന്ന മലയാളിയുടെ മരണത്തെ തുടർന്ന് ഇങ്ങനെയുള്ളവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന നടപടികളുമായി സംഘടനകളും കൂട്ടായ്മകളും രംഗത്ത്. ഇനി ആരും അനാഥരായി മരണത്തിലേക്ക് നീങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക പ്രവർത്തകർ രംഗത്തിറങ്ങുന്നത്.
ബഹ്റൈനിലെ പ്രവാസിസമൂഹത്തെയും സാമൂഹിക പ്രവർത്തകരെയും ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞദിവസമുണ്ടായത്. മനാമ അൽ ഹംറ തിയറ്ററിന് സമീപത്തെ പാർക്കിൽ അഭയംതേടിയ തിരുവനന്തപുരം പാലോട് സ്വദേശി സോമുവാണ് (45) വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽനഷ്ടമായതിനാലാണ് ഇദ്ദേഹം പാർക്കിൽ അഭയം തേടിയത്. നാല് മാസത്തോളം ഇവിടെയാണ് രാവും പകലും കഴിച്ചുകൂട്ടിയത്. ഇപ്പോഴത്തെ കൊടും ചൂടിലും ഇദ്ദേഹം അവിടെ കഴിഞ്ഞുവെന്നതാണ് സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നത്. അതേസമയം, അവസ്ഥ അറിഞ്ഞ് ചില സാമൂഹികപ്രവർത്തകർ സഹായിക്കാൻ എത്തിയെങ്കിലും ഇദ്ദേഹം നിരസിച്ചെന്നും പറയുന്നു.
ഞെട്ടലോടെയാണ് ഇൗ സംഭവം പ്രവാസിസമൂഹം കേട്ടത്. കോവിഡ് കാലത്ത് രാപ്പകലില്ലാതെ സഹജീവികളെ ചേർത്തുപിടിക്കാൻ ഒാടിനടന്ന സാമൂഹിക പ്രവർത്തകർക്ക് അവിശ്വസനീയമായിരുന്നു ഇൗ സംഭവം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബഹ്റൈനിൽ കോവിഡ് തുടങ്ങിയതുമുതൽ വിവിധ തരത്തിലുള്ള സേവനങ്ങളുമായി സാമൂഹികപ്രവർത്തകർ രംഗത്തുണ്ടായിരുന്നു. ഭക്ഷണം നൽകിയും താമസസൗകര്യം ഒരുക്കിയും നാട്ടിലേക്കുള്ള മടക്കയാത്രക്ക് സഹായിച്ചും അവർ ദുരിതമനുഭവിക്കുന്നവർക്കൊപ്പമുണ്ടായിരുന്നു.
ഇത്തരം സേവന പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഇൗ മരണം അപ്രതീക്ഷിതമായിരുന്നുവെന്ന് സാമൂഹികപ്രവർത്തകർ പറയുന്നു.
അതേസമയം, അഭയമില്ലാതെ അലയുന്നവർ ഇനിയുമുണ്ടാകാമെന്ന ഒാർമപ്പെടുത്തൽ കൂടിയാണ് ഇൗ സംഭവം. ഇത്തരക്കാരെ കണ്ടെത്തി പുനരധിവസിപ്പിക്കേണ്ട ബാധ്യതകൂടിയാണ് സാമൂഹികപ്രവർത്തകർക്ക് മുന്നിലുള്ളത്.
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സാമൂഹികപ്രവർത്തകർ ഏതു സമയത്തും തയാറാണെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. കോവിഡ് കാലത്ത് ആയിരക്കണക്കിനാളുകളെ ബഹ്റൈനിലെ വിവിധ സംഘടനകളും കൂട്ടായ്മകളും സഹായിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ പ്രയാസപ്പെടുന്നവർ അക്കാര്യം സാമൂഹികപ്രവർത്തകരെ അറിയിക്കാനും അവരോട് സഹകരിക്കാനും തയാറാകണം. സാമൂഹിക പ്രവർത്തകർ അവരുടേതായ ജോലിത്തിരക്കുകൾക്കിടയിലാണ് ജനസേവനത്തിന് ഇറങ്ങിത്തിരിക്കുന്നതെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) രക്ഷാധികാരി ബഷീർ അമ്പലായി പറഞ്ഞു. ഇദ്ദേഹം പാർക്കിൽ കഴിയുന്ന വിവരം കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ചില സാമൂഹികപ്രവർത്തകർ വിളിച്ചറിയിച്ചിരുന്നു. തുടർന്ന്, സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇതിന് മുമ്പ്, ഇതേ പാർക്കിൽ താമസിച്ചിരുന്ന മറ്റൊരാൾക്ക് ബി.കെ.എസ്.എഫ് ഇടപെട്ട് താമസസൗകര്യം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
ഒാരോ സാമൂഹിക പ്രവർത്തകനെയും ഇരുത്തി ചിന്തിപ്പിക്കേണ്ട സംഭവമാണിതെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ഈ കൊടുംചൂടിൽ ആഹാരത്തിനും പാർപ്പിടത്തിനും വകയില്ലാതെ കഷ്ടപ്പെടുന്ന സഹജീവിയെ സഹായിക്കാൻ കഴിഞ്ഞില്ലെന്ന വീഴ്ച സ്വയം വിമർശനമായി കരുതുന്നു. ഇതിനു പരിഹാരം കാണേണ്ടതുണ്ട്.
കയറിക്കിടക്കാനും ആഹാരത്തിനും വകയില്ലാതെ ബഹ്റൈനിൽ കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ, വിശേഷിച്ച് മലയാളികളെ കണ്ടുപിടിച്ച് സഹായിക്കാനുള്ള ദൗത്യം ഒന്നിച്ച് ഏറ്റെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതിന് ബഹ്റൈൻ കേരളീയ സമാജത്തിനോടൊപ്പം അണിചേരാൻ മറ്റു സാമൂഹികപ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും അദ്ദേഹം അഭ്യർഥിച്ചു.
വൈകുന്നേരം പൊതുയിടങ്ങളിൽ അന്തിയുറങ്ങുന്ന ഇന്ത്യക്കാരെ കണ്ടുപിടിക്കാൻ സമാജം ചാരിറ്റി വിഭാഗം കൺവീനർ കെ.ടി. സലീമിെൻറ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇത്തരത്തിൽ കഷ്ടപ്പെടുന്ന ആളുകളെപ്പറ്റി വിവരം കിട്ടിയാൽ ഇനി പറയുന്ന ആളുകളെ ബന്ധപ്പെടാം. കെ.ടി. സലീം 33750999, ഉണ്ണി 32258697, രാജേഷ് ചേരാവള്ളി 35320667, റെജി കുരുവിള 39449958, ടി.ജെ. ഗിരീഷ് 39885506, ദേവദാസ് കുന്നത്ത് 39449287, വർഗീസ് ജോർജ് 39291940.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.