മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൗസ് മെയ്ഡ് വിസയിലുള്ള ഇന്ത്യൻ യുവതി മരിക്കാനിടയായത്, അവരെ ജോലിക്കായി ഇവിടെ എത്തിച്ച ഇന്ത്യൻ ഏജന്റുമാരുടെ തട്ടിപ്പു മൂലമാണെന്ന് ആരോപണം. പഞ്ചാബ് സ്വദേശിയായ 22കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിട്ടുണ്ട്.
ഹൗസ് മെയ്ഡായി ജോലി ചെയ്തിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമവിരുദ്ധമായി വീട്ടുജോലിക്കായി ഇന്ത്യയിൽനിന്ന് യുവതികളെ ഗൾഫ് നാടുകളിലെത്തിക്കുന്ന സംഘങ്ങൾ വ്യാപകമാണെന്ന പരാതി മുമ്പും ഉയർന്നിരുന്നു. ഇന്ത്യൻ നിയമമനുസരിച്ച് മുപ്പതു വയസ്സിൽ താഴെയുള്ള സ്ത്രീകളെ ഹൗസ് മെയ്ഡ് വിസയിൽ വിദേശത്തേക്ക് അയക്കാൻ പാടില്ല. എന്നാൽ ഇതു ലംഘിച്ചാണ് ഏജന്റുമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് യുവതികളെ എത്തിക്കുന്നത്.
വീട്ടുജോലിക്കായി ഇങ്ങനെ എത്തുന്ന യുവതികൾക്ക് ഗൃഹജോലിയിലോ കുട്ടികളെ നോക്കുന്നതിലോ വേണ്ടത്ര വൈദഗ്ധ്യമുണ്ടാകാറില്ല. ഇത് ഇവർക്ക് ജോലി ചെയ്യുന്നയിടങ്ങളിൽ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യം കണക്കാക്കിയാണ് മുപ്പതു വയസ്സെന്ന നിബന്ധന ഇത്തരം ജോലി ചെയ്യുന്നവർക്ക് ഇന്ത്യൻ ഗവൺമെന്റ് നിർബന്ധമാക്കിയിട്ടുള്ളത്. വിദേശത്ത് ജോലി തേടുന്നവർ ഇ മൈഗ്രേഷൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും ഇങ്ങനെ വരുന്നവർ പാലിക്കുന്നില്ല.
വിസിറ്റ് വിസയിൽ മറ്റു രാജ്യങ്ങളിലെത്തിച്ചശേഷം ഹൗസ് മെയ്ഡ് വിസ ശരിയാക്കി ബഹ്റൈനിലെത്തിക്കുന്ന ഏജന്റുമാരും സജീവമാണ്. ഇങ്ങനെയെത്തി ജോലി ചെയ്യുന്ന യുവതികൾ ബുദ്ധിമുട്ടും പ്രയാസങ്ങളും കാരണം തിരികെപ്പോകണമെന്ന് ആവശ്യപ്പെട്ടാൽ വൻ തുകയാണ് ഇതിനായി ഏജന്റുമാർ ആവശ്യപ്പെടുന്നത്. ഗോവൻ സ്വദേശിനിയിൽ നിന്നും ഇങ്ങനെ പണം ആവശ്യപ്പെട്ട വിഷയത്തിൽ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിരുന്നു.
പാസ്പോർട്ട് അടക്കമുള്ള രേഖകൾ ഏജന്റുമാർ കൈക്കലാക്കുന്നതിനാൽ അവരുടെ നിർദേശമനുസരിക്കാനും പണം നൽകാനും ഇങ്ങനെയെത്തുന്ന യുവതികളും അവരുടെ കുടുംബവും നിർബന്ധിതരാകുകയാണ്. ഗോവയിൽനിന്നും പഞ്ചാബിൽനിന്നുമാണ് കൂടുതലായും ഹൗസ് മെയ്ഡ് വിസയിൽ യുവതികളെ എത്തിക്കുന്നത്. ഇങ്ങനെയെത്തിച്ച യുവതികൾ പരാതിപ്പെട്ടതിനെത്തുടർന്ന് സാമൂഹികപ്രവർത്തകർ ഇടപെട്ട് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അടുത്തിടെ മൂന്ന് പഞ്ചാബ് സ്വദേശിനികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു.
ഹൗസ് മെയ്ഡ് വിസയിൽ പ്രായം കുറഞ്ഞ സ്ത്രീകളെ എത്തിക്കുന്നത് ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ ഒ ആൻഡ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് ഇന്ത്യൻ വിദേശകാര്യ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ഹൗസ് മെയ്ഡ് വിസ കണ്ടാൽ ഇത്തരം മനുഷ്യക്കടത്ത് എമിഗ്രേഷൻ വിഭാഗം തടയേണ്ടതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.