മനാമ: സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽവത്കരണ പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര ടെക് കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി (ഐ.ജി.എ) ചീഫ് എക്‌സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖാഇദ് പറഞ്ഞു. നൂതന സാങ്കേതികവിദ്യകളിലൂടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നൽകുന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആമസോൺ വെബ് സർവിസസ് പ്രതിനിധിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആമസോൺ വെബ് സർവിസസ് പോലുള്ള ആഗോള കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ നിയമ നിർമാണങ്ങളും നയങ്ങളും സഹായിച്ചിട്ടുണ്ട്. ആദ്യത്തെ മിഡിൽ ഈസ്റ്റ് ഡേറ്റ സെന്‍റർ കേന്ദ്രമായി ബഹ്റൈനെ കമ്പനി തിരഞ്ഞെടുത്തത് ഇതിന്റെ തെളിവാണ്. രാജ്യം ഡിജിറ്റൽവത്കരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ക്ലൗഡ് സേവനങ്ങൾ ഏറെ നിർണായകമാണ്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും എണ്ണ ഇതര മേഖലകളുടെ വികസനത്തിനും ഇത് സഹായിക്കും.
കമ്പനിയും ബഹ്‌റൈനും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ആമസോൺ വെബ് സർവിസസ് വേൾഡ് വൈഡ് പബ്ലിക് സെക്ടർ സെയിൽസ് വൈസ് പ്രസിഡന്‍റ് ഇസബെല്ല ഗ്രോഗോർ-സെക്കോവിച്ച് എടുത്തുപറഞ്ഞു. ഇത് രാജ്യത്തിന്റെ ഡിജിറ്റൽവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു. ഇതിനകം 72 സർക്കാർ സ്ഥാപനങ്ങളിലെ 70 ശതമാനം ഐ.ടി പ്രവർത്തനങ്ങളും ആമസോൺ വെബ് സർവിസസ് ക്ലൗഡിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.