മനാമ: കോവിഡ് കേസുകൾ ബഹ്റൈനിൽ കുറഞ്ഞുവരുേമ്പാഴും മരണനിരക്കിൽ കാര്യമായ കുറവില്ലാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. പത്തിന് മുകളിലാണ് നിലവിലെ പ്രതിദിന മരണനിരക്ക്. വ്യാഴാഴ്ച 12 മരണമാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 226 പേരാണ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
മലയാളികളുടെ മരണത്തിലും അടുത്ത ദിവസങ്ങളിൽ വർധനയുണ്ട്. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും രണ്ടുപേർ വീതമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച നാലുപേർ കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം ചീഫ് റസിഡൻറ് ഡോ. പി.വി ചെറിയാൻ പറയുന്നു. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ തയാറായാൽ രോഗം ഗുരുതരമാകാതെ സൂക്ഷിക്കാം.
രോഗലക്ഷണങ്ങൾ അവഗണിക്കുന്ന പ്രവണത പലരും കാണിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ജോലിയിൽനിന്ന് മാറിനിൽക്കാനുള്ള പ്രയാസം, ആശുപത്രിയിൽ കിടക്കേണ്ടിവരുമോ എന്ന ഭയം എന്നിവയൊക്കെയാണ് പലരും ഇതിന് കാരണം പറയുന്നത്. എന്നാൽ, കോവിഡ് മുൻകരുതൽ പാലിക്കുന്നതിലെ വീഴ്ച രോഗം രൂക്ഷമാകാനാണ് ഇടയാക്കുക.
പനി, ചുമ, ജലദോഷം തുടങ്ങി എന്ത് ലക്ഷണം കണ്ടാലും ജാഗ്രതപാലിക്കണമെന്ന് ഡോ. പി.വി ചെറിയാൻ പറഞ്ഞു. ഇവർ ഉടൻ കോവിഡ് പരിശോധന നടത്തണം. സാധാരണ അഞ്ചോ ആറോ ദിവസം കഴിയുേമ്പാൾ ലക്ഷണങ്ങളുടെ തീവ്രത കുറയാറുണ്ട്. എന്നാൽ, ആറാം ദിവസവും ലക്ഷണങ്ങൾ കുറയാതെ തുടർന്നാൽ നിർബന്ധമായും ഡോക്ടറെ കാണണം. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സയും നടത്തണം. അല്ലാത്തപക്ഷം, ന്യൂമോണിയ പോലുള്ള ഗുരുതരാവസ്ഥയിലേക്ക് എത്താനും മരിക്കാനും സാധ്യത കൂടുതലാണ്.
50ന് മുകളിൽ പ്രായമായവർ, പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മർദം, കാൻസർ തുടങ്ങിയ അസുഖങ്ങളുള്ളവർ എന്നിവരെല്ലാം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡോ. പി.വി. ചെറിയാൻ പറഞ്ഞു.
പ്രതിരോധ വാക്സിൻ സ്വീകരിക്കുകയാണ് കോവിഡ് തടയാനുള്ള പ്രധാന മാർഗം. എന്നാൽ, വാക്സിൻ സ്വീകരിച്ചതുകൊണ്ട് അമിത ആത്മവിശ്വാസം പാടില്ലെന്ന് ഡോ. പി.വി. ചെറിയാൻ ഒാർമിപ്പിക്കുന്നു. വാക്സിൻ സ്വീകരിച്ചവരും മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പൊതുസ്ഥലങ്ങൾക്കൊപ്പം വീടുകളിലും മാസ്ക് ധരിക്കുന്നത് നല്ലതാണ്. വീട്ടിലെത്തുന്ന അതിഥികളുമായി സംസാരിക്കുേമ്പാൾ നിർബന്ധമായും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുേമ്പാൾ ഇരട്ട മാസ്ക് ധരിക്കുന്നതാണ് ഉചിതം. ആദ്യം സർജിക്കൽ മാസ്ക്കും പുറമെ കോട്ടൺ മാസ്ക്കുമാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.
ബാഹ്യ പ്രതലങ്ങളിൽ സ്പർശിച്ച കൈ മുഖത്തേക്ക് കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. ഇതോടൊപ്പം കൈകഴുകൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയും വീഴ്ച കൂടാതെ പാലിക്കണം.
കോവിഡ് പ്രതിരോധ മുൻകരുതലുകൾക്കൊപ്പം പൊതുവായ ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം കൊടുക്കണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം നിർബന്ധമായും ചെയ്യണം. വീടിനുള്ളിലോ പാർക്കിലോ വ്യായാമം ചെയ്യാം. തിരക്കില്ലാത്ത റോഡിലൂടെ നടക്കുന്നതും നല്ല വ്യായാമമാണ്. ആറ് മുതൽ ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുന്നതും ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണ്. ആവശ്യത്തിനുള്ള ഉറക്കം രോഗപ്രതിരോധ ശേഷി കൂട്ടും. ഇതോടൊപ്പം ഭക്ഷണ കാര്യത്തിലും ശ്രദ്ധ പുലർത്തണം. റെഡ് മീറ്റ് പരമാവധി കുറക്കണം. പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, പയർ തുടങ്ങിയവ കഴിക്കണം.
കോവിഡ് ഒാരോ തരംഗവും കഴിയുേമ്പാൾ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ജാഗ്രതക്കുറവ് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കാം. മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിൽ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ ഒാരോരുത്തരും നടത്തണം. നമ്മുടെ ആരോഗ്യം പ്രാഥമികമായി സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ കുടുംബത്തിെൻറയും സമൂഹത്തിെൻറയും ആരോഗ്യ സംരക്ഷണത്തിലാണ് പങ്കാളിയാകുന്നത്. ഇക്കാര്യത്തിൽ ഒാരോരുത്തരുടെയും ഉത്തരവാദിത്ത ബോധം പ്രധാനമാണ്.
രോഗലക്ഷണങ്ങൾ സംശയിക്കുന്നവർക്ക് ആദ്യം റാപ്പിഡ് കോവിഡ് ടെസ്റ്റ് സ്വയം നടത്താം. ഇതിനുള്ള കിറ്റ് മെഡിക്കൽ സ്റ്റോറിൽനിന്ന് 2.5 ദിനാറിന് ലഭിക്കും. റാപ്പിഡ് ടെസ്റ്റിൽ പോസിറ്റിവായാൽ ബി അവെയർ ആപ്ലിക്കേഷനിൽ ഫലം റിപ്പോർട്ട് ചെയ്യണം. തുടർന്ന് റാഷിദ് ഇക്വെസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബിലെ ഡ്രൈവ് ത്രൂ സെൻററിലോ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്തെ മുഹറഖ് ഡ്രൈവ് ത്രൂ സെൻററിലോ ചെന്ന് പരിശോധന നടത്തണം. ഇതിന് 444ൽ വിളിച്ച് അപ്പോയ്ൻറ്മെൻറ് എടുക്കേണ്ട ആവശ്യമില്ല. റാപ്പിഡ് ടെസ്റ്റ് നടത്തിയ കിറ്റ് വായു കടക്കാത്ത സുതാര്യമായ ബാഗിൽ കൊണ്ടുപോകാൻ മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.