മനാമ: ഡ്രൈവിങ് പരിശീലന ഫീസ് 40 ശതമാനം വർധിപ്പിച്ചു. മണിക്കൂറിന് അഞ്ച് ദിനാറായിരുന്നത് ഏഴായാണ് വർധിപ്പിച്ചത്. ആഭ്യന്തര മന്ത്രി ലെഫ്റ്റനൻറ് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പുറപ്പെടുവിച്ച നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും.
ജൂലൈ 27ന് പുറപ്പെടുവിച്ച നിയമം വ്യാഴാഴ്ച ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ടാക്സി ചാർജും ഡ്രൈവിങ് പരിശീലന ഫീസും വ്യവസ്ഥ ചെയ്യുന്ന 4/1983 നിയമത്തിലെ രണ്ടാം വകുപ്പ് ഭേദഗതി ചെയ്താണ് ഡ്രൈവിങ് പരിശീലന ഫീസ് വർധിപ്പിച്ചത്. സ്വകാര്യ, പൊതു ഗതാഗത ലൈസൻസിനുള്ള ഡ്രൈവിങ് ക്ലാസുകളുടെ ഫീസ് മണിക്കൂറിന് അഞ്ച് ദിനാറിൽനിന്ന് ഏഴായി വർധിപ്പിച്ചതായി നിയമം വ്യക്തമാക്കുന്നു. അതേസമയം, ടാക്സികൾ, ഹെവി വാഹനങ്ങൾ, നിർമാണ യന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റു ക്ലാസുകളുടെ ഫീസിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് ആറ് ദിനാറായി തന്നെ തുടരും.
ഡ്രൈവിങ് പരിശീലന മേഖലയിലെ സേവനം മെച്ചപ്പെടുത്തുന്നതിനും ഇൗ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനും പൊതു ഗതാഗത ഡയറക്ടറേറ്റുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഫീസ് വർധിപ്പിച്ച് ഉത്തരവിറക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മന്ത്രിയുടെ ഉത്തരവ് നടപ്പാക്കാൻ എല്ലാ വിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകുമെന്നും ഗാതാഗത പൊതു ഡയറക്ടർ കേണൽ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.