മനാമ: പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നൽകുമെന്ന് കേരള ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. കേരളീയ സമാജത്തിൽ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവോണദിനം നടന്ന പരിപാടിയിൽ, മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
മന്ത്രിയെന്നുള്ള നിലയിൽ ഗണേഷ് കുമാർ ചെയ്തുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലുതും നീണ്ടുനിൽക്കുന്നതുമായ ഓണാഘോഷം സംഘടിപ്പിക്കുന്ന ബഹ്റൈൻ കേരളീയ സമാജത്തെ മന്ത്രി അഭിനന്ദിച്ചു.
തിരുവോണം ഇത്രയും ഊർജസ്വലരായ സമൂഹത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നൽകാനുള്ള പ്രഖ്യാപനത്തെ കൈയടികളോടെ സദസ്സ് സ്വീകരിച്ചു.
നാല്പതോളം ഫാസ്റ്റ് പാസഞ്ചർ ബസുകൾ എയർകണ്ടീഷൻ സംവിധാനത്തോടെ ആരംഭിക്കുന്നതും, മികച്ച സൗകര്യങ്ങളോടെ ബസ് വെയ്റ്റിങ് ഏരിയകൾ ആരംഭിക്കുന്നതും, ദീർഘദൂര സർവിസുകളിൽ ബസ് റൂട്ടിൽ യാത്രക്കാരനു സൗകര്യപ്പെടുന്ന സ്ഥലത്തുനിന്നും ലൊക്കേഷൻ ഷെയർ ചെയ്യുന്ന യാത്രക്കാരനെ കയറ്റുന്ന രീതി, കടന്നുപോകുന്ന ബസിൽ സീറ്റുണ്ടോ എന്ന് മൊബൈൽ ആപ് വഴി അറിയാനുള്ള സംവിധാനം തുടങ്ങി ഒരു പിടി പുതിയ നടപടികളാണ് കെ.എസ്.ആർ.ടി.സി നവീകരണവുമായി ബന്ധപ്പെട്ടു അദ്ദേഹം പങ്കുവെച്ചത്.
ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ്, സമാജം ട്രഷറർ ദേവദാസ് കുന്നത്ത് എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ വൈസ് പ്രസിഡന്റ് ദിലീഷ്കുമാർ നന്ദി പറഞ്ഞു. തുടർന്ന് താമരശ്ശേരി ചുരം ബാൻഡിന്റെ സംഗീത നിശ അരങ്ങേറി. തിങ്കളാഴ്ച ശ്രാവണം 2024 ഭാഗമായുള്ള സിനിമാറ്റിക് ഡാൻസ് മത്സരം അരങ്ങേറി. ചൊവ്വാഴ്ച ഓണപ്പാട്ട് മത്സരം അരങ്ങേറും. പതിനഞ്ചു വയസ്സിനു താഴെയും മുകളിലുമായി നടക്കുന്ന മത്സരത്തിൽ പത്തിൽ അധികം ടീമുകൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.