മനാമ: ബഹ്റൈൻ ആസ്ഥാനമായ ബഹുരാഷ്ട്ര നേവൽ ടാസ്ക് ഫോഴ്സ് ഏകദേശം 9.7 ദശലക്ഷം ദീനാർ വിലമതിക്കുന്ന അനധികൃത മയക്കുമരുന്നുമായി കപ്പൽ പിടിച്ചെടുത്തു. ഒക്ടോബർ എട്ടു മുതൽ 14 വരെ ബഹുരാഷ്ട്ര നേവൽ ടാസ്ക് ഫോഴ്സ് സി.ടി.എഫ് 150ന്റെ നേതൃത്വത്തിൽ നടന്ന ഹിമാലയൻ സ്പിരിറ്റ് എന്ന് പേരിട്ട ഓപറേഷന്റെ ഭാഗമായാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
ടാസ്ക് ഫോഴ്സിൽ അംഗമായ പാകിസ്താൻ നാവികസേനയുടെ പി.എൻ.എസ് സുൾഫിഖർ കപ്പലാണ് വടക്കൻ അറബിക്കടലിലൂടെ 1.3 ടൺ മയക്കുമരുന്നുമായി സഞ്ചരിക്കുകയായിരുന്ന കപ്പൽ തടഞ്ഞ് പിടികൂടിയത്.
പി.എൻ.എസ് സുൽഫിഖറും വിവിധോദ്ദേശ്യ കപ്പലായ പി.എം.എസ്.എസ് കോലാച്ചിയും യു.എസ് നേവിയുടെയും യു.എസ് കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും ഹിമാലയൻ സ്പിരിറ്റ് ഓപറേഷനിൽ പങ്കെടുത്തു. പാകിസ്താൻ നാവികസേനയുടെയും യു.എസ് നാവികസേനയുടെ എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെയും വിമാനങ്ങൾ ഈ കപ്പലുകളെ പിന്തുണച്ചു.
38 രാജ്യങ്ങൾ അടങ്ങുന്ന ബഹുരാഷ്ട്ര നാവിക പങ്കാളിത്തമാണ് ബഹ്റൈൻ ആസ്ഥാനമായ കമ്പൈൻഡ് മാരിടൈം ഫോഴ്സ്. ഇതിനു കീഴിലുള്ള അഞ്ച് ടാസ്ക് ഫോഴ്സുകളിൽ ഒന്നാണ് സി.ടി.എഫ് 150. ഒമാൻ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, വാണിജ്യം സുഗമമാക്കുക, കപ്പലുകളെ സംരക്ഷിക്കുക, കടൽ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ടാസ്ക് ഫോഴ്സിന്റെ ദൗത്യം.
കമ്പൈൻഡ് മാരിടൈം ഫോഴ്സിനു കീഴിൽ അഞ്ച് ടാസ്ക് ഫോഴ്സുകളുണ്ട്; സി.ടി.എഫ് 150, സി.ടി.എഫ് 151, സി.ടി.എഫ് 152, സി.ടി.എഫ് 153, സി.ടി.എഫ് 154. മയക്കുമരുന്ന് വ്യാപാരത്തിനെതിരെ നടപടിയെടുക്കുകയാണ് സി.ടി.എഫ് 150 ചെയ്യുന്നത്.
സി.ടി.എഫ് 154 സംയുക്ത സേനയിൽ പങ്കാളികളായ നാവികസേനയെ പരിശീലിപ്പിക്കുകയും മിഡിൽ ഈസ്റ്റിലെ സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ചെങ്കടലിൽ സമുദ്ര സുരക്ഷയാണ് സി.ടി.എഫ് 153ന്റെ ദൗത്യം.
സമുദ്ര തട്ടിപ്പുകൾക്കെതിരെ പ്രവർത്തിക്കുകയാണ് സി.ടി.എഫ് 151. അറേബ്യൻ ഗൾഫിലെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്ന ടാസ്ക് ഫോഴ്സാണ് സി.ടി.എഫ് 152. 2002ൽ സ്ഥാപിതമായ സി.ടി.എഫ് 150 ഈ വർഷം കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കടലിൽ ഏഴ് വിജയകരമായ മയക്കുമരുന്ന് വേട്ടകൾ നടത്തി. വിവിധ കപ്പലുകളിൽ നിന്നായി ലക്ഷക്കണക്കിന് ദീനാർ വിലമതിക്കുന്ന 11,600 കിലോയിലധികം അനധികൃത മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.