മനാമ: സാമ്പത്തിക മേഖലയിൽ പ്രതീക്ഷിത വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്നത് സന്തോഷകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നാഷനൽ ആക്ഷൻ ചാർട്ടർ രാജ്യത്തിന് ഏറെ കരുത്തുപകർന്നതായും ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് പുരോഗതിയുടെയും വളർച്ചയുടെയും നിദാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യനിവാസികളുടെ പിന്തുണയും സഹകരണവുമാണ് രാജ്യത്തിന്റെ വളർച്ചയുടെ ആധാരമായി വർത്തിക്കുന്നത്.
വിവിധ മേഖലകളിലുണ്ടാകുന്ന സാമ്പത്തിക സ്വയംപര്യാപ്തത കരുത്തും ഭാവിയിലേക്കുള്ള പ്രതീക്ഷയും വാഗ്ദാനംചെയ്യുന്നവയാണ്. തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും നേട്ടമാണ്.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ലക്ഷ്യം നേടുന്നതിന് ആവിഷ്കരിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് ശരിയായ ദിശയിൽ വളർച്ച ഉറപ്പാക്കാൻ സഹായകമായതായും അദ്ദേഹം വിലയിരുത്തി. 2021ൽ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചശേഷം നേരിട്ടുള്ള നിക്ഷേപം 2.8 ബില്യൺ ഡോളർ കവിഞ്ഞതായി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
എണ്ണയിതര മേഖലയിൽ 6.6 ശതമാനം വളർച്ചയും നേടാൻ സാധിച്ചിട്ടുണ്ട്. മേഖലയിലെ വൈവിധ്യ സാമ്പത്തിക വളർച്ച സൂചികയിൽ എട്ടു ശതമാനമെന്ന നിലക്ക് ബഹ്റൈന് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. തദ്ദേശീയ ഉൽപാദന മേഖലയിൽ എണ്ണയിതര മേഖലയിൽ 83 ശതമാനം വളർച്ച നേടാനും കഴിഞ്ഞതായി യോഗം വിലയിരുത്തി. 2002ൽ ഇത് 58 ശതമാനമായിരുന്നു.
കൂടുതൽ ഉറച്ച കാൽവെപ്പുകളുമായി മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യമാണുണ്ടായിട്ടുള്ളതെന്നും ഇത് അഭിമാനകരമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.