മനാമ: ഉപരിപഠനത്തിന് ഇത്രമാത്രം സാധ്യതകളോ എന്ന അത്ഭുതമായിരുന്നു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും. കോഴ്സുകളുടെയും കോളജുകളുടെയും യൂനിവേഴ്സിറ്റികളുടെയും തിരഞ്ഞെടുപ്പ് എന്ന ബാലികേറാമല അനായാസം കയറിയതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് ദൃശ്യമായിരുന്നു. വിദ്യാർഥികൾക്ക് വിജ്ഞാനത്തിന്റെയും കരിയറിന്റെയും അനന്ത സാധ്യതകൾ പകർന്നുകൊണ്ട് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘എജു കഫേ’ യിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ഇന്ത്യൻ ക്ലബിലേക്ക് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരുന്നു. മേളയുടെ രണ്ടാം ദിവസവും പ്രവേശനം സൗജന്യമാണ്.
ബഹ്റൈൻ പാർലമെന്റ് അംഗവും ഫോറിൻ അഫയേഴ്സ് ആൻഡ് നാഷനൽ സെക്യൂരിറ്റി സമിതി അംഗവുമായ മറിയം അൽ ദേൻ ‘എജു കഫേ’ യുടെ ഉദ്ഘാടനം നിർവഹിച്ചു. ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.എം. സുബൈർ, റീജനൽ മാനേജർ ജലീൽ അബ്ദുല്ല, അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റി പ്രതിനിധി അബ്ദുൽ ഹമീദ് ബാഖി, യൂറോ യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈൻ ഡീൻ ഓഫ് കോളജ് ഓഫ് ലോ മറിയ കസോറിയ, ഷാഹിദ് മസൂദ് (അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈൻ) എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
എസ്.ആർ.എം യൂനിവേഴ്സിറ്റി ട്രിച്ചി പ്രതിനിധി ഡോ. കെ. കതിരവൻ, പാഡി എൽ. നായിഡു (കാപിറ്റൽ യൂനിവേഴ്സിറ്റി ബഹ്റൈൻ), ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ജനറൽ മാനേജർ ഷമീർ, യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ ബഹ്റൈൻ ചെയർമാൻ ജയപ്രകാശ് മേനോൻ എന്നിവർക്ക് ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഡയറക്ടർ സലീം അമ്പലൻ മെമന്റോ കൈമാറി.
മനാമ: കഠിന പരിശ്രമത്തിലൂടെ വിജയം കൈവരിച്ചവരുടെ വിജയമന്ത്രം ശ്രവിക്കാനുള്ള അവസരം ഇന്ന്. ഗൾഫ് മാധ്യമം ‘എജുകഫേ’യിൽ ഇന്ന് രാവിലെ 10.30നാണ് ടോപ്പേഴ്സ് ടോക്ക് നടക്കുക. പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ സദസ്സുമായി സംവദിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ പങ്കെടുക്കുന്ന പ്രിൻസിപ്പൽ ടോക്കും നടക്കും.
‘‘ഡോക്ടറേ ഞങ്ങളുടെ കുട്ടി ഒ.കെ ആണോ’’ ഉത്തരവുമായി ഡോ. സൗമ്യ സരിൻ ഇന്ന്
മനാമ: ‘‘ഡോക്ടറേ ഞങ്ങളുടെ കുട്ടി ഒ.കെ ആണോ’’. എല്ലാ രക്ഷിതാക്കളുടേയും മനസ്സിലുള്ള ചോദ്യമാണ്. ഈ ചോദ്യത്തിന്റെ ഉത്തരത്തിലൂടെ പാരന്റിങ്ങിന്റെ വിവിധ വശങ്ങൾ ശാസ്ത്രീയമായി പ്രതിപാദിക്കാനായി ഡോ. സൗമ്യ സരിൻ ഇന്ന് എജുകഫേയിലെത്തും. വൈകുന്നേരം 3.45നാണ് ഈ സെഷൻ. ഈ വിഷയത്തിലുള്ള ഡോ. സൗമ്യ സരിന്റെ പുസ്തകം ബെസ്റ്റ് സെല്ലറാണ്.
ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പീഡിയാട്രിക് ന്യൂട്രീഷനിൽ ബിരുദവും ചൈൽഡ് ഹെൽത്തിൽ ഡിപ്ലോമയും നേടിയിട്ടുള്ള, യു.എ.ഇയിൽ സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യയായ ഡോ. സൗമ്യ സരിൻ സമൂഹമാധ്യമങ്ങളിലെ വിജ്ഞാനപ്രദമായ ആരോഗ്യ ക്ലാസുകളിലൂടെ ജനമനസ്സുകളെ കീഴടക്കിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ ഹെൽത്ത് ആക്ടിവിസ്റ്റിനുള്ള അവാർഡും നേടിയിട്ടുണ്ട്. വിദ്യാർഥികളുടെ കരിയർ ഡെവലപ്മെന്റിന് ഉതകുന്ന തരത്തിൽ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണം സംബന്ധിച്ച വിശദമായ സെഷനാണ് എജു കഫേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപയോഗപ്രദമായിരിക്കും ഇതെന്ന് തീർച്ച
മനാമ: എജുകഫേയിൽ ‘മീഫ്രണ്ട്’ ആപ് ഡൗൺലോഡ് ചെയ്തവർക്ക് സമ്മാനങ്ങൾ. എജുകഫേ വേദിയിലെ ‘മീഫ്രണ്ട്’ സ്റ്റാളിൽ ആപ് ഡൗൺ ലോഡ് ചെയ്യാനുള്ള സൗകര്യമേർപ്പെടുത്തിയിരുന്നു. ഇങ്ങനെ ഡൗൺലോഡ് ചെയ്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഗിഫ്റ്റ് വൗച്ചറുകൾ നൽകുന്നത്. ഗണേഷ്, നിദാ നൗഷാദ്, ജോയ്സി, റിസ്വാൻ, ജോസഫ് വർഗീസ്, സ്വാലിഹ്, ബുഷ്റ, നിംഷിത നിഷയാത്, പ്രജീഷ്, അനിറ്റ സണ്ണി എന്നിവരാണ് സമ്മാനാർഹരായത്. ഇവരെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ വിളിച്ച് സമ്മാനം കൈമാറും. ഇന്നും എജികഫേ വേദിയിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഭാഗ്യശാലികൾക്ക് സമ്മാനം ലഭിക്കും.
മനാമ: ഇന്ന് ഏറ്റവുമധികം ഡിമാൻഡുള്ള കോഴ്സുകളെപ്പറ്റിയാണ് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ടിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ പ്രഫ. എം.എച്ച്.ഇല്യാസ് സംസാരിക്കുന്നത്. മാത്രമല്ല വിദ്യാർഥികൾക്ക് വിദേശത്തും സ്വദേശത്തും ലഭിക്കാൻ സാധ്യതയുള്ള സ്കോളർഷിപ്പുകളുടെ വിവരങ്ങളും അദ്ദേഹം പങ്കുവെക്കും. രാവിലെ 11.30ന് നടക്കുന്ന അദ്ദേഹത്തിന്റെ സെഷൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കും.
ജെ.എൻ.യുവിൽനിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ഡോക്ടറേറ്റ് നേടിയ പ്രഫ. ഇല്യാസ് ഓക്സ്ഫർഡിൽ നിന്ന് പോസ്റ്റ്ഡോക്ടറൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.