മനാമ: ദക്ഷിണമേഖല മുനിസിപ്പാലിറ്റി മഴവെള്ളം ഒഴിവാക്കുന്നതിനുള്ള പ്രവർത്തനം ശക്തമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശങ്ങളിൽ വലിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുകയും ജനങ്ങൾ നേരിട്ട പ്രയാസങ്ങൾക്ക് അറുതിവരുത്തുകയും ചെയ്തു. പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. 101 പ്രദേശങ്ങളിലാണ് മഴവെള്ളം അടിഞ്ഞുകൂടി ജനജീവിതം ദുസ്സഹമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് 57 പരാതികൾ പൊതുജനങ്ങളിൽനിന്ന് ലഭിക്കുകയും എമർജൻസി ടീം പരാതികൾ പരിഹരിക്കുന്നതിന് ഉടനടി ഇടപെടുകയും ചെയ്തു. 42,25,000 ഗാലൻ വെള്ളം 845 ടാങ്കർ ലോറികളിൽ ശേഖരിച്ച് ഒഴിവാക്കി. സായിദ് ടൗണിൽ 16 ഇടങ്ങളിൽ നിന്നായി 131 ടാങ്കറുകളിൽ വെള്ളം ശേഖരിച്ചു. നുവൈദറാത്ത്, ഹൂറത് സനദ് എന്നിവിടങ്ങളിൽ എട്ടിടങ്ങളിൽനിന്നായി 33 ടാങ്കർ വെള്ളമാണ് നീക്കം ചെയ്തത്. ഹാജിയാത്, ബുഹൈർ എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിൽനിന്നായി 111 ടാങ്കർ വെള്ളം വലിച്ചെടുത്തു. ബുക്വാറയിൽ 29 ഇടങ്ങളിൽനിന്നായി 257 ടാങ്കർ വെള്ളവും ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ എന്നിവിടങ്ങളിൽ 21 സ്ഥലങ്ങളിൽനിന്നായി 260 ടാങ്കർ വെള്ളവും ഒഴിവാക്കുകയുണ്ടായി. വെള്ളക്കെട്ട് രൂപപ്പെട്ട മറ്റിടങ്ങളിൽ നിന്നായി 46 ടാങ്കർ ലോറികളിലും വെള്ളം വലിച്ചെടുത്ത് ഒഴിവാക്കി. വെള്ളക്കെട്ടുമൂലം പ്രയാസമനുഭവിക്കുന്നവർ പരാതികൾ അറിയിക്കാൻ 17986180 എന്ന നമ്പറിൽ ബന്ധപ്പെട്ടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.