മനാമ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് മാർച്ചു ചെയ്യുമ്പോൾ പ്രവാസലോകത്തും ആരവം അലയടിക്കുകയാണ്. പ്രവാസി വോട്ടവകാശം എന്ന ദീർഘനാളത്തെ ആവശ്യം സാധ്യമാകാത്തതിന്റെ നിരാശ ഇത്തവണയും പ്രവാസികൾക്കുണ്ട്. എങ്കിലും വീട്ടിലും നാട്ടിലും വിളിച്ച് തങ്ങൾ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന പാർട്ടികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രവാസികൾ. അതിനിടെ അവധി ലഭിച്ചവരും വോട്ടർപട്ടികയിൽ പേരുള്ളവരും വോട്ടുചെയ്യുന്നതിനായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കെ.എം.സി.സിയും പ്രതിഭയും ഒ.ഐ.സിസിയും ഗ്രൂപ് ടിക്കറ്റെടുത്ത് പ്രവാസികളെ വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നാട്ടിലെ വോട്ട് ആവേശത്തിലേക്ക് പ്രവാസി ലോകവും ഉണർന്നിരുന്നു. വിവിധ പ്രചാരണ പരിപാടികൾ, വോട്ടുറപ്പിക്കാനുമുള്ള ആലോചനകൾ, തെരഞ്ഞെടുപ്പു ചർച്ചകൾ എന്നിവയിൽ നാടിനോളം ആവേശം പ്രവാസ ലോകത്തും പ്രകടമായിരുന്നു. മുൻ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കു സമാനമായി വിവിധ പ്രവാസി സംഘടനകൾ, കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ വിപുല പരിപാടികളാണ് നടന്നത്. വ്യാഴാഴ്ച നാട്ടിൽ നിശ്ശബ്ദ പ്രചാരണമായിരുന്നെങ്കിലും പ്രവാസ ലോകത്തെ വാട്സ്ആപ് ഗ്രൂപ്പുകൾ ആരോപണ പ്രത്യാരോപണങ്ങളുമായി സജീവമായിരുന്നു.
ഒ.ഐ.സി.സി നേതാക്കൾ വാർത്തസമ്മേളനത്തിൽ
പ്രവാസലോകം യു.ഡി.എഫിനൊപ്പമെന്ന് ഒ.ഐ.സി.സി/ഇൻകാസ്
മനാമ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസ ലോകം ഐക്യ ജനാധിപത്യ മുന്നണിയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് ഒ.ഐ.സി.സി /ഇൻകാസ് നേതാക്കൾ പറഞ്ഞു. പാലക്കാട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. കേന്ദ്ര-കേരള സർക്കാറുകൾ പ്രവാസികളെ ഇത്രമേൽ ദ്രോഹിച്ച ഒരു കാലം മുമ്പുണ്ടായിട്ടില്ല. പ്രവാസ ലോകത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നൽകുമെന്ന വാഗ്ദാനം കേരള മുഖ്യമന്ത്രി നൽകിയിരുന്നത് ഇന്നും വാഗ്ദാനം മാത്രമായി തുടരുകയാണ്.
എംബസികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണമെന്നത് ഒ.ഐ.സി.സി ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി നേതൃത്വം നൽകുന്ന ഒരു സർക്കാർ വരണം എന്ന് പ്രവാസ ലോകം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് നാട്ടിലേക്കുള്ള പ്രവാസികളുടെ ഒഴുക്കിന്റെ കാരണം എന്ന് നേതാക്കൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ഒ.ഐ.സി.സി ഇൻകാസ് പ്രചാരണ വിഭാഗം ചെയർമാൻ രാജു കല്ലുംപുറം, ഒ.ഐ.സി.സി-ഇൻകാസ് പാലക്കാട് ജില്ല പ്രചാരണ വിഭാഗം ചെയർമാൻ എം.വി.ആർ മേനോൻ, വൈസ് ചെയർമാൻ സൽമാനുൽ ഫാരിസ്, പ്രഫഷനൽ കോൺഗ്രസ് മുൻ പാലക്കാട് ജില്ല പ്രസിഡന്റ് രാജീവ് രാമനാഥ്, ഒ.ഐ.സി.സി ഗ്ലോബൽ നേതാക്കളായ റസാഖ് പൂക്കോട്ടുംപാടം, നാസർ ലെയ്സ് തുടങ്ങിയവർ സംബന്ധിച്ചു.
എൽ.ഡി.എഫ് ഇടുക്കി-കോട്ടയം-പത്തനംതിട്ട ലോക്സഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ
വിജയം സുനിശ്ചിതം -എൽ.ഡി.എഫ് കൺവെൻഷൻ
മനാമ: ബഹ്റൈൻ പ്രതിഭയും ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും ചേർന്ന് എൽ.ഡി.എഫ് ഇടുക്കി-കോട്ടയം-പത്തനംതിട്ട ലോക്സഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ ഉൽഘാടനം ചെയ്തു. കൺവെൻഷന് പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു.
സംഘ്പരിവാർ ശക്തികൾ ഇന്ത്യയുടെ മതേതരത്വവും ഭരണഘടന അവകാശങ്ങളും ജനാധിപത്യ രീതിയും ഒന്നൊന്നായി ഇല്ലാതാക്കുകയാണ്. നഷ്ടപ്പെടുന്നവ തിരികെ പിടിക്കാൻ ഏറ്റവും വലിയ ഉപകരണമാണ് ജനാധിപത്യത്തിലെ വോട്ട്. ആ അവകാശം പൗരന്മാർ അവധാനതയോടെ ഉപയോഗിക്കേണ്ടതുണ്ടെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാണിച്ചു. ലോകത്തിന് പൊതുവെയും ഇന്ത്യക്ക് പ്രത്യേകിച്ചും മാതൃകയായി നിൽക്കുന്ന കേരളത്തിലെ ബദൽ സംവിധാനങ്ങളെ ഇല്ലാതാക്കാൻ കേന്ദ്രഭരണം കൈയാളുന്ന ബി.ജെ.പി ചെയ്യുന്ന വൃത്തികെട്ട നിലപാടുകൾക്കെതിരെയുള്ള താക്കീതായി ഇരുപത് ലോക്സഭ സീറ്റുകളിലും ഇടതുപക്ഷ സ്ഥാനാർഥികൾ വിജയിക്കേണ്ടതുണ്ടെന്നും സി.വി. നാരായണൻ ഓർമിപ്പിച്ചു.
ഇടുക്കി-കോട്ടയം-പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഓൺലൈനിലൂടെ കൺവെൻഷനെ അഭിസംബോധന ചെയ്തു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, എൻ.സി.പി ബഹ്റൈൻ ഭാരവാഹി ഫൈസൽ എഫ്.എം, ഐ.എൻ.എൽ ബഹ്റൈൻ ഭാരവാഹി മൊയ്തീൻകുട്ടി പുളിക്കൽ, നവകേരള പ്രതിനിധി അസീസ് ഏഴംകുളം എന്നിവർ സംസാരിച്ചു. ഇടതുപക്ഷ കൂട്ടായ്മ കൺവീനറും പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവുമായ സുബൈർ കണ്ണൂർ നന്ദി രേഖപ്പെടുത്തി.
ഓവർസീസ് എൻ.സി.പി ലോക്സഭ തെരഞ്ഞെടുപ്പ്
കൺവെൻഷൻ
മനാമ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓവർസീസ് എൻ.സി.പി ദേശീയ നേതൃത്വം സൂം ആപ്പിലൂടെ ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെയും മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയുടേയും ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റേയും വിജയം ഉറപ്പാക്കുന്നതിനു വേണ്ടി പ്രവർത്തകരേയും കുടുംബാംഗങ്ങളേയും അണിനിരത്തും.
നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഓവർസീസ് എൻ.സി.പി സാരഥി ബാബു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ എൻ.സി.പി (എസ്) സംസ്ഥാന അധ്യക്ഷനും മുൻ എംപിയുമായ പി.സി. ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.
വനം മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നിയമസഭ കക്ഷി നേതാവ് തോമസ് കെ. തോമസ്, ഡോ. സീമ മാലിക് എന്നിവർ സംസാരിച്ചു. ഒ.എൻ.സി.പി നാഷനൽ സെക്രട്ടറി ജിയോ ടോമി, ബഹ്റൈൻ ഒ.എൻ.സി പ്രസിഡന്റ് ഫൈസൽ എഫ്.എം, ഒ.എൻ.സി.പി-സൗദി കൺവീനർ ഷാ കായംകുളം, ഒമാൻ കൺവീനർ ഷാനവാസ്, ഖത്തർ പ്രസിഡന്റ് ഷെരീഫ് കൽപ്പേനി, കുവൈത്ത് ജനറൽ സെക്രട്ടറി കെ.വി. അരുൾ രാജ്, വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ, ആർ.ടി.എ ഖഫൂർ, സൈനുദ്ദീൻ എന്നിവരും സംസാരിച്ചു. കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി നന്ദി പറഞ്ഞു.
മലപ്പുറം-പൊന്നാനി മണ്ഡല തെരഞ്ഞെടുപ്പ് കൺവെൻഷൻ
മനാമ: ബഹ്റൈൻ പ്രതിഭയും ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയും ചേർന്ന് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി കെ.എൻ മോഹൻദാസ് ഓൺലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ, മുൻമന്ത്രി കെ.ടി ജലീൽ, ബഹ്റൈൻ പ്രതിഭ മുൻ രക്ഷാധികാരി പി.ടി നാരായണൻ, പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, നവകേരള സമിതി പ്രതിനിധി ഫിറോസ് തിരുവത്ര, ഇടതുപക്ഷ കൂട്ടായ്മ കൺവീനറും പ്രതിഭ രക്ഷാധികാരി സമിതി അംഗമായ സുബൈർ കണ്ണൂർ, ഐ.എം.സി.സി ഭാരവാഹി മൊയ്തീൻ കുട്ടി പുളിക്കൽ, ദേശീയ കോൺഗ്രസ് ബഹ്റൈൻ ഘടകം പ്രസിഡന്റ് ഫൈസൽ എഫ്.എം എന്നിവർ കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കാസിം മഞ്ചേരി സ്വാഗതം ആശംസിച്ച കൺവെൻഷന് കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സുഭാഷ് ചന്ദ്രൻ, കാസിം എന്നിവർ മണ്ഡലങ്ങളെ പരിചയപ്പെടുത്തി.
കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ
കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ
മനാമ: കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി കെ.എം.സി.സി ബഹ്റൈൻ കാസർകോട് ജില്ല കമ്മിറ്റി പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു. മനാമയിലെ കെ.എം.സി.സി ആസ്ഥാനത്തിലെ ഇ. അഹമ്മദ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജില്ല പ്രസിഡന്റ് അഷറഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളികുളങ്ങര മുഖ്യപ്രഭാഷകനായിരുന്നു. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ വില്യപ്പള്ളി, സംസ്ഥാന ഭാരവാഹികളായ ഒ.കെ. കാസിം, റഫീഖ് തോട്ടക്കര, ഒ.ഐ.സി.സി ബഹ്റൈൻ കാസർകോട് ജില്ല നേതാക്കളായ പ്രസാദ്, സുരേഷ് പൂണ്ടൂർ, ജില്ല കെ.എം.സി.സി നേതാക്കളായ ഖലീൽ ആലമ്പാടി, അബ്ദുല്ല പുത്തൂർ, അലി ബംബ്രാണ എന്നിവർ ആശംസകളർപ്പിച്ചു. റിയാസ് പട്ല സ്വാഗതവും മുസ്തഫ സുങ്കടക്കാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.