മനാമ: തൊഴിൽ നിർദേശങ്ങൾ ലംഘിക്കുന്ന നിർമാണ സൈറ്റുകൾക്കും എൻജിനിയറിങ് സ്ഥാപനങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ ‘കൗൺസിൽ ഫോർ റെഗുലേറ്റിങ് ദ പ്രാക്ടീസ് ഒാഫ് എൻജിനിയറിങ് പ്രൊഫഷൻസ്’ (സി.ആർ.പി.ഇ.പി) തീരുമാനം. ഇതിെൻറ ഭാഗമായി പരിശോധനകൾക്കായി പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകി. ഇവരുടെ നേതൃത്വത്തിൽ വിവിധ സൈറ്റുകളിൽ പരിശോധന നടത്തും. എൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് അക്രഡിറ്റേഷൻ ഉണ്ടെന്ന കാര്യം ഇവർ ഉറപ്പാക്കും. ഇത് പ്രവാസികൾക്കും സ്വദേശികൾക്കും ബാധകമാണ്.
രാജ്യത്ത് എൻജിനിയർമാർ ജോലി ചെയ്യുന്ന സൈറ്റുകളിലും സ്ഥാപനങ്ങളിലും തങ്ങളുടെ ഇൻസ്പെകർമാർ പരിശോധന നടത്തുമെന്ന് സി.ആർ.പി.ഇ.പി ചെയർമാൻ അബ്ദുൽമജീദ് അൽ ഖസബ് പ്രാദേശിക പത്രത്തോട് പറഞ്ഞു. നിയമലംഘനം കണ്ടാൽ ഇൻസ്പെക്ടർമാർ ജോലി നിർത്തിവെക്കാൻ ആവശ്യപ്പെടും.
ഇതിനുള്ള അധികാരം അവർക്ക് നൽകിയിട്ടുണ്ട്. ഇക്കാര്യം കർശനമായി നടപ്പാക്കാനാണ് തീരുമാനം.വിവിധ പ്രൊജക്റ്റുകളിൽ ലൈസൻസ് ഇല്ലാത്ത എൻജിനിയർമാർ ജോലി ചെയ്യുന്നതും സി.ആർ.പി.ഇ.പിയിൽ രജിസ്റ്റർ ചെയ്യാത്ത എൻജിനിയറിങ് സ്ഥാപനങ്ങൾ ജോലികൾ ഏറ്റെടുക്കുന്നതും തേഡ് പാർട്ടി കൺസൾട്ടൻറുമാരെ നിയമിക്കുന്നതും നിയമലംഘനമായി കണക്കാക്കും. നിലവിൽ നിയമലംഘനം നടത്തിയ ചില എൻജിനിയറിങ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.
നാല് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സി.ആർ.പി.ഇ.പിക്ക് നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ എൻജിനിയറിങ് തൊഴിൽ മേഖലയിൽ നിന്ന് മൂന്ന് വർഷം വരെ കാലയളവിലേക്ക് വിലക്കാനോ സ്ഥാപനം സ്ഥിരമായി അടപ്പിക്കാനോ ഉള്ള അധികാരമുണ്ട്. പൊതുമേഖലയിൽ ജോലി ചെയ്യുന്ന എൻജിനിയർമാർക്ക് സി.ആർ.പി.ഇ.പി നൽകുന്ന ലൈസൻസ് അവരുടെ വിരമിക്കൽ കാലാവധി വരെയോ രാജിവെക്കുന്നത് വരെയോ അല്ലെങ്കിൽ സ്വകാര്യമേഖലയിലേക്ക് മാറുന്നതുവരെയോ കാലാവധിയുള്ളതാണ്. എന്നാൽ സ്വകാര്യമേഖലയിലുള്ളവർ എല്ലാവർഷവും ലൈസൻസ് പുതുക്കണം. ബഹ്റൈനികൾക്ക് സി.ആർ.പി.ഇ.പിയുടെ അംഗീകാരം ലഭിക്കണമെങ്കിൽ എൻജിനിയറിങ്ങിൽ ബാച്ചിലർ ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. ഒരു കുറ്റകൃത്യത്തിലും ശിക്ഷ ലഭിച്ച ആളാകാൻ പാടില്ല. മറ്റ് ജോലികൾ ചെയ്യുന്നവരും ആകരുത്. ഇതേ നിയമങ്ങൾ പ്രവാസികൾക്കും ബാധകമാണ്.
എന്നാൽ അവർ ബിരുദധാരികളായ ശേഷം അഞ്ചുവർഷം തൊഴിൽ പരിചയവും ഉള്ളവരാകണം. മറ്റുമേഖലയിലാണ് എൻജിനിയറിങ് ബിരുദധാരികൾ േജാലി ചെയ്യുന്നതെങ്കിൽ അവർക്ക് ലൈസൻസ് ആവശ്യമില്ല. ബഹ്റൈനിലെ സ്വകാര്യ മേഖലയിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 1800ഒാളം ലൈസൻസ് ഉള്ള എൻജിനിയർമാരാണുള്ളത്. ഇതിൽ 71 ശതമാനവും പ്രവാസികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.