മനാമ: സ്വദേശികളെന്നോ വിദേശികളെന്നോ കച്ചവടക്കാരോട് ഒരു തരത്തിലുള്ള വിവേചനവും ബഹ്റൈനിലെ ബിസിനസ് സമൂഹത്തിനില്ലെന്നും എല്ലാവർക്കും ഒരേ അവകാശങ്ങളാണെന്നും ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ചെയർമാനും പുതിയ ചെയർമാൻ സ്ഥാനാർഥിയുമായ സമീർ നാസ് പറഞ്ഞു. 'തുജ്ജാർ 22' ഇലക്ഷൻ കാമ്പയിനിന്റെ ഭാഗമായി മനാമ കെ സിറ്റി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ബിസിനസുകാരുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനിലെ നിയമവ്യവസ്ഥക്കനുസരിച്ച് കച്ചവടക്കാരുടെ ഉന്നമനത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും അനുഗുണമാകുന്ന രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ സർക്കാറിന്റെയും പാർലമെന്റിന്റെയും ശ്രദ്ധയിൽപെടുത്തും.
2018ൽ ചുമതല ഏറ്റെടുത്തതുമുതൽ സർക്കാർ നടപ്പാക്കാനുദ്ദേശിച്ച സി.ആർ ചാർജ് വർധന തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇടപെടുകയും കച്ചവടക്കാരുടെ പ്രയാസങ്ങൾ ബോധ്യപ്പെടുത്തുകയും പരിഹാരം കാണുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിൽ ചെയർമാൻ സ്ഥാനാർഥി സമീർ നാസിന് പുറമെ ഖാലിദ് നജിബി, മുഹമ്മദ് അൽ കൂഹ്ജി, വലീദ് കാനൂ, ആരിഫ് ഹെജ്രിസ്, മുഹമ്മദ് അൽമൊയ്യിദ്, ബത്തൂൽ ദാദാബായ്, സോണി ജനാഹിം അഹമദ് സലൂം, ഡോ. വഹീബ് അൽ ഖാജ, അഹമദ് യൂസുഫ്, സൗസാൻ അബ്ദുൽ ഹസൻ എന്നിവരും പങ്കെടുത്തു.
ബഹ്റൈനിലെ കച്ചവടക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ മുഹമ്മദ് അബ്ദുറഹ്മാൻ, നിയാസ് കണ്ണിയാൻ, അബ്ദുറഹ്മാൻ മാട്ടൂൽ, ചെമ്പൻ ജലാൽ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ഉന്നയിച്ചു. സമീർ നാസ്, വലീദ് കാനൂ, മുഹമ്മദ് അൽ കൂഹ്ജി, ആരിഫ് ഹെജ്രിസ് എന്നിവർ മറുപടി പറഞ്ഞു. മലബാർ ഗോൾഡ് റീജിയണൽ മാനേജർ മുഹമ്മദ് റഫീഖ്, അഷ്റഫ് മായഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ കെ സിറ്റി മാനേജിങ് ഡയറക്ടർ നജീബ് കടലായി സ്വാഗതം പറഞ്ഞു. രാജി ഉണ്ണികൃഷ്ണൻ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.