ബ​ഹ്റൈ​ൻ പ്ര​തി​ഭ​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗം

കോടിയേരിയുടെ സ്നേഹവും കരുതലും അനുസ്മരിച്ച് പ്രവാസി സമൂഹം

മനാമ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനോടുള്ള അടുപ്പവും ആത്മബന്ധവും പ്രകടിപ്പിക്കുന്നതായിരുന്നു ബഹ്റൈൻ പ്രതിഭയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അനുസ്മരണം. കോടിയേരിയുടെ ബഹ്റൈൻ സന്ദർശനത്തെക്കുറിച്ചും സാധാരണ പ്രവർത്തകരോടുപോലുമുള്ള കരുതലിനെക്കുറിച്ചും വികാരനിർഭരമായാണ് ഓരോരുത്തരും സംസാരിച്ചത്. നേതൃസ്ഥാനത്ത് തിളങ്ങിനിൽക്കേ, പെട്ടെന്നുണ്ടായ അദ്ദേഹത്തിന്റെ വേർപാട് താങ്ങാൻ കഴിയുന്നതിലപ്പുറമായിരുന്നു പലർക്കും.

കോടിയേരിയുമായി വർഷങ്ങൾക്ക് മുമ്പുതന്നെ വ്യക്തിപരമായ ബന്ധമുണ്ടായിരുന്നതായി പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ അനുസ്മരിച്ചു. കോടിയേരി പാർട്ടിയുടെ കണ്ണൂർ ജില്ല സെക്രട്ടറിസ്ഥാനം വഹിക്കുന്ന സമയത്തും പിന്നീടും ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു. പ്രിയ സുഹൃത്തായിരുന്ന കെ.വി സുധീഷിന്റെ പേരിലുള്ള സ്മാരകം ഉദ്ഘാടനം ചെയ്യാൻ പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് കൂത്തുപറമ്പിലെത്തിയപ്പോൾ തങ്ങളെ പരിചയപ്പെടുത്തിയത് കോടിയേരിയാണെന്നും സുബൈർ കണ്ണൂർ അനുസ്മരിച്ചു. ബഹ്റൈൻ പ്രതിഭയുമായുള്ള കോടിയേരിയുടെ ബന്ധം വളരെ വലുതാണ്. 1997ലാണ് കോടിയേരി ആദ്യമായി ബഹ്റൈനിലെത്തിയത്. ബഹ്‌റൈൻ പ്രതിഭയുടെ അന്നത്തെ ഓഫിസ് ലുലുറോഡിൽ എസ്.എം.എസ് കാർ വാഷിനടുത്തായിരുന്നു. കോടിയേരി വന്നതറിഞ്ഞ് താനും സുഹൃത്തായ ഹമീദും കൂടി പ്രതിഭ ഓഫിസിൽ ചെന്നു.

നാട്ടുകാര്യങ്ങളൊക്കെ സംസാരിച്ച് പിരിയാൻനേരം, തങ്ങളുടെ സ്ഥാപനമായ കണ്ണൂർ ടെക്സ്റ്റൈൽസ് സന്ദർശിക്കണമെന്ന് പറഞ്ഞപ്പോൾ സന്തോഷപൂർവം സ്വീകരിച്ചു. പിറ്റേദിവസം പ്രതിഭയുടെ പരിപാടിയൊക്കെ കഴിഞ്ഞ് വൈകീട്ട് സ്ഥാപനവും സന്ദർശിച്ചാണ് അദ്ദേഹം മടങ്ങിയത്.

പിന്നീട്, കോടിയേരി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്ത് സ്കോട്‍ലൻഡിലെ ഒരു പരിപാടിക്കുശേഷം നാട്ടിലേക്ക് മടങ്ങുംവഴി ബഹ്റൈനിൽ എത്തിയിരുന്നു. അന്ന് മനാമയിലെ റീജൻസി ഹോട്ടലിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. പ്രവാസി കമീഷനംഗമായി ചുമതലയേൽക്കാൻ തിരുവനന്തപുരത്ത് നോർക്ക ഓഫിസിന്റെ ഏഴാമത്തെ നിലയിൽ എൻ.ആർ.ഐ കമീഷൻ ഓഫിസിലെത്തി ഫയലിൽ ഒപ്പിട്ടതിനുശേഷം മറ്റൊരംഗമായ സൗദി നവോദയ നേതാവ് ആസാദ് തിരൂർ, സന്തത സഹചാരി നൗഷാദ് പൂനൂർ എന്നിവർക്കൊപ്പം എ.കെ.ജി സെന്ററിൽ ചെന്ന് കോടിയേരിയെ കണ്ടു. പാർട്ടി ഏൽപിക്കുന്ന ചുമതലയുടെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കണമെന്നാണ് അദ്ദേഹം നൽകിയ ഉപദേശം.

ഒരുതവണ കൂടി ബഹ്റൈനിൽ വരണമെന്ന് പറഞ്ഞപ്പോൾ ഒരു പരിപാടി സംഘടിപ്പിക്കൂ, അപ്പോൾ വരാമെന്നാണ് ചിരിയോടെ മറുപടി പറഞ്ഞത്. അത് നിറവേറ്റാൻ കഴിയാതെയാണ് കോടിയേരിയുടെ മടക്കം. കഴിഞ്ഞ ഏപ്രിലിൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ വേദിയിൽവെച്ചാണ് അവസാനമായി കണ്ടതെന്നും സുബൈർ കണ്ണൂർ അനുസ്മരിച്ചു. അനുസ്മരണ യോഗത്തിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ചുമതലയുള്ള ഷെരീഫ് കോഴിക്കോട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബഹ്‌റൈനിലെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതാക്കൾ കോടിയേരിയെ അനുസ്മരിച്ച് സംസാരിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി ആക്ടിങ് സെക്രട്ടറി ഒ.കെ. കാസിം, നവകേരള സെക്രട്ടറി ഷാജി മൂതല, എൻ.സി.പി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് എഫ്.എം. ഫൈസൽ, ഐ.എം.സി.സി പ്രസിഡന്റ് മൊയ്തീൻ പുളിക്കൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം ബിനു മണ്ണിൽ, ലോക കേരളസഭാംഗം ഷാനവാസ്, സാമൂഹിക പ്രവർത്തകൻ വിപിൻ കുമാർ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എ.വി. അശോകൻ, എൻ.കെ. വീരമണി, ജോ. സെക്രട്ടറി ശിവകീർത്തി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. പ്രസിഡന്റ്‌ ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി സ്വാഗതം പറഞ്ഞു. പ്രതിഭ റിഫ മേഖലയിലും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

Tags:    
News Summary - Expatriate community remembering Kodiyeri's love and care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.