മനാമ: സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന പ്രവാസി സമൂഹത്തെ അർഹമായ രീതിയിൽ പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഏറ്റവും അധികം പ്രയാസത്തിലാക്കിയ പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദർശിച്ച ഒ.ഐ.സി.സി-ഇൻകാസ് നേതാക്കൾ നൽകിയ നിവേദനം സ്വീകരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രതിപക്ഷ നേതാവിെൻറ ഓഫിസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുവർഷത്തിലധികമായി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്കു മടക്കയാത്രക്കായി പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ പരിഹരിക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങിയ പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക, പ്രവാസി പുനരധിവാസ പദ്ധതികൾ കാര്യക്ഷമമാക്കുക, പാവപ്പെട്ട പ്രവാസികൾക്ക് ബി.പി.എൽ റേഷൻ കാർഡ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.
വിവിധ രാജ്യങ്ങളിലെ ഒ.ഐ.സി.സി-ഇൻകാസ് ഭാരവാഹികളായ രാജു കല്ലുംപുറം, മഹാദേവൻ വാഴശ്ശേരിയിൽ, കെ.ടി.എ മുനീർ, ബിജു കല്ലുമല, ചന്ദൻ കല്ലട, സിദ്ദീഖ് ഹസൻ, ശങ്കര പിള്ള കുമ്പളത്ത് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.