മനാമ: ബഹ്റൈനിലെ പ്രവാസികൾക്ക് സുപരിചിതമായ ബാബ് അൽ ബഹ്റൈനിലെ കമൽ കഫറ്റീരിയയിലെ ചായക്ക് ഒരു പ്രത്യേക രുചിയാണ്. മലയാള കവിതയുടെയും സാഹിത്യത്തിന്റെയും രുചി. കഫറ്റീരിയ നടത്തുന്നത് വടകരക്കാരനായ യഹിയ മുഹമ്മദാണ്. തിരക്കുള്ള ജോലിക്കിടെ യഹിയ എഴുതിയ നോവൽ ഇപ്പോൾ പുസ്തകമായിരിക്കുകയാണ്. ‘ഇരുൾ’ എന്ന ഈ നോവൽ സാഹിത്യകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ അദ്ദേഹത്തിന്റെ എഫ്.ബി പേജിലൂടെയാണ് പ്രകാശനം ചെയ്തത്. മലയോര ക്രിസ്തീയ ജീവിതസാഹചര്യത്തിന്റെ പശ്ചാത്തലമാണ് നോവലിലുള്ളത്. കഠിനവും ബുദ്ധിമുട്ടേറിയതുമായ ജീവിതപരിസരങ്ങളിലൂടെ മുന്നോട്ടുപോകുന്ന കഥാഗതി വായനക്കാരനെ പിടിച്ചിരുത്തുന്നതാണ്.
ദുരൂഹതകളുടെ ചുരുളഴിയുമ്പോൾ വായനക്കാരൻ മുമ്പ് അനുഭവിച്ചിട്ടില്ലാത്ത വൈകാരികതകളുടെ മായിക ലോകത്തേക്ക് പോകുന്നു. കവി എന്ന നിലയിലും ചെറുകഥാകൃത്ത് എന്ന നിലയിലും പ്രവാസലോകത്ത് ഇതിനകം തന്റെ മുദ്ര പതിപ്പിച്ചിട്ടുള്ള യഹിയ ഗൾഫ് മാധ്യമം ആർട്സ് ക്ലബിലും നിരവധി തവണ കവിതകൾ എഴുതിയിട്ടുണ്ട്. യഹിയ മുഹമ്മദിന്റെ കവിതകളായിരുന്നു ഏറെ പരിചയമെന്നും അദ്ദേഹം നോവൽ എഴുതിയത് സന്തോഷകരമാണെന്നും പ്രകാശനം നിർവഹിച്ച ബിപിൻ ചന്ദ്രൻ ഫേസ്ബുക്കിലെഴുതി. ഇരുൾ എന്ന് പേരായ നോവൽ വായനക്കാർക്ക് ആസ്വാദനത്തിന്റെ വെളിച്ചം പകരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കോഴിക്കോട് ധ്വനി ബുക്സ് പുറത്തിറക്കിയ നോവലിന് അവതാരിക എഴുതിയത് ബഹ്റൈനിലെ പ്രശസ്ത നോവലിസ്റ്റായ മായ കിരണാണ്. വെളിച്ചത്തിനേക്കാൾ വശ്യത പലപ്പോഴും ഇരുളിനാണെന്നും കണ്മുന്നിൽ തെളിയാത്തതെല്ലാം ഒരു ചിത്രകാരനെപ്പോലെ വരച്ചെടുക്കുന്ന മനസ്സുള്ളവർക്ക് ഇരുളെന്നാൽ സൃഷ്ടിയുടെ ഖനിയാണെന്നും മായ കിരൺ അവതാരികയിൽ പറയുന്നു. നന്മതിന്മകൾ സ്വയം തിരയുന്നതിന്റെ അർഥശൂന്യതയും വെളുപ്പിന്റെ മാസ്മരികതയിൽ കണ്ണ് മഞ്ഞളിച്ചുപോയവരോട് വായനക്കാരന് അനുതപിക്കാനുള്ള അവസരവുമൊരുക്കുന്നു നോവലിസ്റ്റ്. കുരിശിലേറ്റപ്പെട്ട സ്നേഹത്തിനു ചുറ്റും വീണ്ടും മുൾവേലികെട്ടുന്നിടത്തുനിന്നും പനീർപ്പൂക്കളിലേക്കൊരു ആരോഹണം എഴുത്തുകാരൻ നടത്തുന്നത് തന്നിലെ വായനക്കാരിയെ വല്ലാതെ ആനന്ദിപ്പിച്ചു. തികഞ്ഞ കൈയടക്കമുള്ള ഒരെഴുത്തുകാരനെയാണ് ആദ്യ നോവലിൽതന്നെ കാണുന്നതെന്നും അവതാരികയിൽ അവർ കുറിക്കുന്നു.
വടകര ഓർക്കാട്ടേരി സ്വദേശിയായ യഹിയ ആറു വർഷമായി ബഹ്റൈനിലുണ്ട്. വർഷങ്ങളായി കഫറ്റീരിയ നടത്തിയിരുന്ന പിതാവ് നാട്ടിലേക്ക് തിരികെപ്പോയതോടെ ഇപ്പോൾ യഹിയയുടെ ചുമലിലാണ് കഫറ്റീരിയ നടത്തിപ്പ്. പത്താംക്ലാസിൽ പഠിക്കുമ്പോൾ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ച് അത്ഭുതമായ യഹിയക്ക് യുവധാര സാഹിത്യ പുരസ്കാരമടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.