മനാമ: മലയാളത്തെ വാനോളമുയർത്തിയ സാഹിത്യ പ്രതിഭ മറയുമ്പോൾ ആദരാഞ്ജലിയുമായി പ്രവാസലോകവും അണിനിരക്കുന്നു. ഇതിഹാസ സമാനമായ കൃതികളിലൂടെയും ശക്തവും സുദൃഢവും മനോഹരവുമായ തിരക്കഥകളിലൂടെയും മലയാളത്തെ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി പ്രവാസി സംഘടനകളും സാമൂഹിക, സാംസ്കാരിക നായകരും അനുശോചിച്ചു.
മനാമ: തീരെ അപ്രതീക്ഷിതമല്ലെങ്കിൽകൂടി വലിയ ദുഃഖത്തോടെയാണ് ഓരോ മലയാളിയും എം.ടിയുടെ വിയോഗവാർത്ത ശ്രവിച്ചതെന്നും വിശ്വത്തോളം വളർന്ന എം.ടി സമം മലയാളം എന്ന നിലയിൽ വളർന്ന ഒരു എഴുത്തുകാരനെയാണ് നഷ്ടമായതെന്നും ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അനുശോചനക്കുറിപ്പിൽ പറഞ്ഞു. മലയാളഭാഷയുടെ സൗന്ദര്യം മലയാളി മനസ്സിലാക്കിയത് എം.ടിയിലൂടെയാണ്.
ആദ്യകാലത്തു വള്ളുവനാടൻ ഗ്രാമങ്ങളുടെ, തകർന്നടിഞ്ഞ ഫ്യൂഡലിസത്തിന്റെ, നാലുകെട്ടിനുള്ളിൽ അമർന്നരഞ്ഞ ചെറുപ്പങ്ങളുടെ കഥ പറഞ്ഞ എം.ടി പിന്നീട് നമ്മുടെ ഇതിഹാസകഥാപാത്രങ്ങളെയും വടക്കൻ പാട്ടുകളിലെ പാടിപ്പതിഞ്ഞ കഥാപാത്രങ്ങളെയും പുതിയ കണ്ണുകളിലൂടെ നോക്കിക്കാണാൻ ശ്രമിച്ചത് സാഹിത്യത്തിൽ പുതിയ ഒരു ഭാവുകത്വം തന്നെ സമ്മാനിച്ചു.
സാഹിത്യത്തിൽ മാത്രമല്ല, സിനിമയിലും തന്റെതായ ഒരു പുതിയ ഒരു വഴി അദ്ദേഹം വെട്ടിത്തുറന്നു. ജ്ഞാനപീഠം അടക്കമുള്ള ഇന്ത്യയിലെ ഏതാണ്ട് എല്ലാ പ്രധാന പുരസ്കാരം ലഭിച്ചിട്ടുള്ള എം.ടി ബഹ്റൈൻ കേരളീയ സമാജത്തിന്റെ സാഹിത്യത്തിലെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം സ്വീകരിക്കാൻ ബഹ്റൈനിലെത്തിയത് ഞാൻ ഓർക്കുന്നു. കേരളത്തിന്റെ ഈ മഹാനഷ്ടത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു. മലയാളത്തിന്റെ മഹാഗുരുവായ എം.ടിയുടെ ദീപ്ത സ്മരണകൾക്കു മുമ്പിൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളത്തിന്റെ സുകൃതം എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു.
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ചു. പത്മഭൂഷൺ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, ജെ.സി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം മുതലായവ ലഭിച്ചിട്ടുണ്ട്.
എം.ടിയുടെ നിര്യാണം മലയാള സാഹിത്യത്തിന്റെ തീരാ നഷ്ടമാണെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ദുഃഖാർത്തരായ കുടുംബത്തിന്റെയും മലയാളത്തിന്റെയും അതീവ ദുഃഖത്തിൽ പങ്കുചേരുന്നതായി ഭാരവാഹികൾ അറിയിച്ചു.
മനാമ: ആത്മാംശമുള്ള ധാരാളം കഥാപാത്രങ്ങളെ ഭൂമിയിൽ ബാക്കിയാക്കി മലയാളക്കരയുടെ പ്രിയ എഴുത്തുകാരൻ എം.ടി വിടവാങ്ങുമ്പോൾ ബാക്കിവെച്ച് പോകുന്നത് മലയാള സാഹിത്യ- നാടക- സിനിമകളിൽ ഇനി ഒരിക്കലും ചലിക്കാത്ത തൂലിക കൂടിയാണെന്ന് ബഹ്റൈൻ പ്രതിഭ.
70കളിലെ നവ വസന്തത്തിന്റെ കഥ പറയുമ്പോഴും കനൽ വഴികൾ തൊടാതെ ആർദ്രമായ അനുരാഗങ്ങളുടെ ഇടനാഴികളിൽകൂടി വായനക്കാരെ കൂട്ടിക്കൊണ്ട് പോകാനായിരുന്നു എന്നും ഗൗരവക്കാരനായ എം.ടി ശ്രമിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ ആയിനിൽക്കെ പുതുതലമുറ എഴുത്തുകാർക്ക് അവസരം നൽകാനും എം.ടിക്ക് സാധിച്ചിരുന്നു. തുഞ്ചൻപറമ്പിൽ മലയാള ഭാഷയുടെ പരിപോഷണത്തിനായ് നേതൃത്വം ആവാനും എം.ടിക്ക് കഴിഞ്ഞു.
ലോകത്തിലെ ആദ്യ വിപ്ലവകാരിയുടെ ഓർമയുമായി എല്ലാ നക്ഷത്രങ്ങളും തിരിതെളിച്ചു നിന്ന ക്രിസ്തുമസ് ദിനത്തിൽ ആ വെളിച്ചത്തിലൂടെ മഞ്ഞിൻ ഓരം ചേർന്ന് എഴുത്തിന്റെ പെരുന്തച്ചൻ വിടവാങ്ങിയത് കാലം എഴുതിത്തീർത്ത എതോ നോവലിന്റെ അവസാന അധ്യായമാവാം. എം.ടിയുടെ കുടുംബത്തിനും സൗഹൃദങ്ങൾക്കും വായനാ സമൂഹത്തിനും നേരിട്ട തീരാദുഃഖത്തിൽ ബഹ്റൈൻ പ്രതിഭയും പങ്കുചേരുന്നതായി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മനാമ: മലയാളഭാഷയും മലയാളിയും ഉള്ള കാലത്തോളം എം.ടി എന്ന രണ്ടക്ഷരം മലയാളികളുടെ ഹൃദയത്തിൽ ഉണ്ടാവുമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു. കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലം മലയാളിയുടെ സാഹിത്യ മേഖലയെ പരിപോഷിപ്പിച്ച മഹാനായ കഥാകാരൻ ആയിരുന്നു എം.ടി. വാസുദേവൻ നായർ.
സാഹിത്യത്തിന്റെ വിവിധ മേഖലകൾ ഒരുപോലെ അദ്ദേഹത്തിന് വഴങ്ങി എന്നത് ഭാഷയോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന സർപ്പണം ആയിരുന്നു. ചരിത്രത്തിനും ഐതിഹ്യത്തിനും എം.ടിയുടേതായ വ്യാഖ്യാനങ്ങളും അതുവരെ മലയാളി ചിന്തിക്കാത്ത മേഖലകളിലൂടെ തന്റെ സാഹിത്യരചനയിലൂടെ മലയാളിയെ നയിച്ച കഥാകാരൻ ആയിരുന്നു എം.ടിയെന്നും ബിനു കുന്നന്താനം അനുസ്മരിച്ചു.
മനാമ: കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലം മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന എം.ടി. വാസുദേവൻനായരുടെ വിയോഗം മലയാള ഭാഷക്ക് ഉണ്ടായ തീരാനഷ്ടം ആണെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അനുസ്മരിച്ചു. മലയാള സാഹിത്യത്തിന്റെ വിവിധവഴികളിലൂടെ സഞ്ചരിച്ച എം.ടി എന്നും തന്റെതായ കഥകൾക്കും നോവലുകൾക്കും സിനിമകൾക്കും വ്യത്യസ്തത പുലർത്താൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു എന്നും അതിൽ വിജയിക്കുവാൻ അദ്ദേഹത്തിന് സാധിച്ചെന്നും ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുസ്മരിച്ചു.
എഴുത്തിന്റെ മാസ്മരികതയിലൂടെ മലയാളഭാഷയുടെ യശസ്സ് ലോകത്തിന്റെ നെറുകയിലേക്കുയർത്തിയ അത്ഭുത പ്രതിഭാസമാണ് എം.ടി. വാസുദേവൻ നായരെന്ന് ഫ്രൻഡ്സ് സർഗവേദി അനുശോചനക്കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ തന്റെ എഴുത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്ന് തുടങ്ങി താൻ ഇടപെട്ട മേഖലകളിലൊക്കെ വലിയ അത്ഭുതങ്ങൾ ആണ് അദ്ദേഹം സൃഷ്ടിച്ചത്. ആധുനിക മലയാള സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായിരുന്നു അദ്ദേഹം. എം.ടിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്രൻഡ്സ് സർഗവേദി അറിയിച്ചു.
എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. മലയാള ഭാഷക്കും എഴുത്തിനും തീരാനഷ്ടമാണ് എം.ടിയുടെ വിയോഗം. അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ ആരും പറയാന് മടിച്ച കഥകളിലൂടെയും തിരക്കഥകളിലൂടെയും മലയാള സിനിമയെ ഉയര്ന്നതലത്തിലേക്ക് നടത്തിച്ച മഹാപ്രതിഭയായിരുന്നു എം.ടി. അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ പ്രചോദിപ്പിക്കുകയും മലയാള സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങൾ വരച്ചുകാട്ടുകയും ചെയ്തതാണ്.
അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകള് എക്കാലവും മലയാളികളുടെയും ലോകസാഹിത്യ പ്രേമികളുടെയും മനസ്സുകളിൽ നിലനിൽക്കും. എം.ടിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമായിരിക്കുന്നതെന്നും കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
മലയാള സാഹിത്യ രംഗത്തെ കുലപതി എം.ടി. വാസുദേവൻ നായരുടെ വേർപാടിൽ പ്രിയദർശിനി പബ്ലിക്കേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജ്ഞാനപീഠം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയ എം.ടി ആശുപത്രി കിടക്കയിൽനിന്ന് രണ്ടാം ഊഴത്തിനായി തിരിച്ചെത്തുമെന്ന പ്രതീക്ഷകളെയും മലയാളത്തെയും കണ്ണീരിലാഴ്ത്തി എം.ടി മടങ്ങിയിരിക്കുന്നു.
മലയാള സാഹിത്യത്തിന് എം.ടി നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. മലയാളത്തിന്റെ അക്ഷര സുകൃതത്തിന്റെ വിട അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്ക് നികത്താനാവാത്ത ഒന്നാണെന്നും മലയാളി ഉള്ളിടത്തോളം കാലം എം.ടി ജനഹൃദയങ്ങളിൽ ജീവിച്ചിരിക്കുമെന്നും പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോഓഡിനേറ്റർ സൈദ് എം.എസ് വാർത്താ കുറിപ്പിൽ പറഞ്ഞു.
മലയാള സാഹിത്യലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. വിയോഗം മലയാളികൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും സാഹിത്യ സാംസ്കാരിക മേഖലയിലെ നവോത്ഥാന നായകനായിരുന്നെന്നും അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ അഭിപ്രായപ്പെട്ടു. പ്രവീൺ മേല്പത്തൂർ, നാസർ മഞ്ചേരി, ദിലീപ്, മുഹമ്മദാലി മലപ്പുറം മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി കുടുംബം അനുശോചിക്കുന്നതായി പ്രസിഡന്റ് ധന്യ സുരേഷ് സെക്രട്ടറി പ്രജിത്ത് പീതാംബരൻ എന്നിവർ അറിയിച്ചു.
സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ സാമൂഹിക പ്രവർത്തകൻ ഫസലുൾ ഹഖ് അനുശോചനം അറിയിച്ചു.
മനാമ: പത്രാധിപർ ആയിരുന്നപ്പോഴും എഴുത്തുകാരനായി നിൽക്കുമ്പോഴും മനുഷ്യന്റെ വേദനകൾ തിരിച്ചറിഞ്ഞ വ്യക്തിത്വമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് ഐ.വൈ.സി.സി ബഹ്റൈൻ. സിനിമയിലും സാഹിത്യത്തിലും ഗാനരചനയിലും സംവിധാനത്തിലും ബാലസാഹിത്യത്തിലും തുടങ്ങി സമസ്ത മേഖലകളിലും തന്റെ കൈയൊപ്പ് ചാർത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ നിര്യാണം മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്. മൗനം ഏറ്റവും വലിയ ആയുധമാണെന്ന് മാലോകർക്ക് കാണിച്ചുതന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. സാമൂഹിക തിന്മകൾക്കെതിരെ തൂലിക ചലിപ്പിക്കാനും പ്രതികരിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ദേശീയ എക്സിക്യൂട്ടിവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുഹറഖ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. എം.ടിയുടെ നിര്യാണത്തിലൂടെ ഒരു യുഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്, ഇതുപോലെ സമസ്ത മേഖലയിലും ഇടപെട്ട ഒരാൾ മലയാളത്തിൽ ഉണ്ടായിട്ടില്ല, അദ്ദേഹം കേരളത്തിന്റെ സുകൃതം ആയിരുന്നുവെന്നും മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അറിയിച്ചു.
മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണെന്ന് പറഞ്ഞ എം.ടി തിരശ്ശീലയുടെ പിറകിലേക്ക് വിടവാങ്ങിയിരിക്കുന്നുവെങ്കിലും ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലും സ്മൃതി പഥങ്ങളിലും അദ്ദേഹം തുടർന്നും കാലങ്ങളോളം ജീവിക്കുമെന്ന് ഒ.എം. ഫ്രാൻസിസ്. വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തുന്ന ക്രിസ്മസ് രാവിൽ നൊമ്പരം വിതച്ചുകൊണ്ടാണ് എം.ടി. മടങ്ങിയത്.
ഒരു പുരുഷായുസ്സിന്റെ ഹരിത വർഷങ്ങളത്രയും മലയാള ഭാഷക്കും സിനിമക്കുമായി സമർപ്പിച്ച കലയുടെ കുലപതി മലയാള ഭാഷാ ‘നാലുകെട്ടി’ന്റെ പടിയിറങ്ങിയിരിക്കയാണ്. തൊട്ടതെല്ലാം പൊന്നല്ല, തങ്കക്കുടങ്ങൾതന്നെയാക്കി മാറ്റിയ എം.ടി. വാസുദേവൻ നായർ, സ്വർണത്തൂലികകൊണ്ടും സുവർണ ചിത്രങ്ങൾകൊണ്ടും ഇന്ദ്രജാലം കാട്ടിയ മലയാളത്തിന്റെ മാന്ത്രികനാണ്. മലയാളത്തിന്റെ പ്രശസ്തി സാഗരങ്ങൾക്കപ്പുറമെത്തിച്ച മഹാ സുകൃതത്തിന് പ്രണാമമർപ്പിക്കുകയാണെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.