മനാമ: മനാമയുടെ ചരിത്രപരവും സാമ്പത്തികവും സാമൂഹികവുമായ പൈതൃകം കാഴ്ചക്കാർക്ക് മുമ്പിൽ അനാവരണം ചെയ്ത് മനാമ ഫെസ്റ്റിന് (റെട്രോ മനാമ) തുടക്കമായി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ നാടിന്റെ മനോഹരമായ ഭൂതകാലത്തിന്റെ സുവർണ സ്മൃതികൾ പ്രദർശിപ്പിക്കുന്നതാണ്.
ജനുവരി ഏഴുവരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവെലിൽ ഫുഡ് ടൂർ, ഗോൾഡ് ഷോപ് ടൂർ, സംഗീത-നാടക പ്രകടനങ്ങൾ, റെട്രോ ഗെയിമുകൾ, മ്യൂസിയം പ്രദർശനങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ഫുഡ് എക്സ്പ്ലൊറേഷന്‍ പുറമെ വിന്റേജ് ഫാഷനും അനുഭവവേദ്യമാക്കും.
മനാമയുടെ ചരിത്രത്തിലെ സുപ്രധാന കാലഘട്ടങ്ങളും സാംസ്കാരിക വൈവിധ്യവും സമ്പന്നമായ ചരിത്രവും മനസ്സിലാക്കാൻ പറ്റിയ അവസരമാണിതെന്ന് ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞു. മനാമയെ ഗൾഫ് ടൂറിസം ക്യാപിറ്റൽ 2024 ആയി പ്രഖ്യാപിക്കുന്നതിനോട് അനുബന്ധിച്ച് ആരംഭിച്ച പരിപാടികളുടെ ഭാഗമായാണ്. സെലിബ്രേറ്റ് ബഹ്റൈൻ 2024 നോടനുബന്ധിച്ചാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന ഒരു അതുല്യമായ അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹിജി പറഞ്ഞു.
റെട്രോ മനാമ ഞായർ മുതൽ ബുധൻവരെ ദിവസങ്ങളിൽ വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെയാണ്. വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെ വൈകീട്ട് അഞ്ചുമുതൽ അർധരാത്രിവരെ ഫെസ്റ്റിവൽ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.