മനാമ: ആരാധകർ കാത്തിരുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. സഖീറിലെ ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനും വൈകീട്ട് ആറിനും 90 മിനിറ്റ് വീതമുള്ള രണ്ടു പരിശീലന സെഷനുകൾ അരങ്ങേറും. 60 മിനിറ്റ് ദൈർഘ്യമുള്ള മൂന്നാമത്തെ പരിശീലനം ശനിയാഴ്ച ഉച്ചക്ക് രണ്ടിനു നടക്കും. അഞ്ചിനാണ് യോഗ്യത റൗണ്ട് മത്സരം നടക്കുക. ഞായറാഴ്ച വൈകീട്ട് 5.10നാണ് ഫൈനൽ മത്സരം.
5.412 കിലോമീറ്റർ സർക്യൂട്ടിലെ ട്രാക്ക് ടീമുകൾ വ്യാഴാഴ്ച വൈകീട്ട് പരിശോധിച്ചു. ഡ്രൈവർമാർക്കും എൻജിനീയർമാർക്കും ട്രാക്കിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതിനാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ മാർച്ചിൽ നടക്കേണ്ടിയിരുന്ന മത്സരം കോവിഡിനെത്തുടർന്ന് മാറ്റി വെക്കുകയായിരുന്നു. എന്നാൽ, ഫോർമുല വൺ ബഹ്റൈനിലേക്ക് തിരിച്ചുവന്നപ്പോൾ രണ്ടു മത്സരങ്ങൾക്കാണ് വേദിയൊരുങ്ങുന്നത്. ബഹ്റൈനിൽ ആദ്യമായാണ് ഫോർമുല വൺ ഡബ്ൾ ഹെഡ്ഡർ നടക്കുന്നത്. സാഖിറിലെ ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ 27 മുതൽ 29 വരെ ഫോർമുല വൺ ഗൾഫ് എയർ ഗ്രാൻഡ് പ്രീ നടക്കും. ഡിസംബർ നാലു മുതൽ ആറുവരെയാണ് ഫോമുല വൺ റോളക്സ് സാഖിർ ഗ്രാൻഡ് പ്രീ മത്സരം.
കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും മത്സരങ്ങൾ കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്. ഇരട്ട മത്സരങ്ങൾക്ക് വേദിയൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് സി.ഇ.ഒ ശൈഖ് സൽമാൻ ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. ഡിസംബർ 11 മുതൽ 13 വരെ നടക്കുന്ന അബൂദബി ഗ്രാൻഡ് പ്രീയോടെ ഇൗ സീസണിലെ മത്സരങ്ങൾക്ക് തിരശ്ശീല വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.