ഇന്ത്യയെന്ന റിപ്പബ്ലിക്കിനെക്കുറിച്ച ഏത് ചർച്ചയും തുടങ്ങേണ്ടത് ഭരണഘടനയിൽനിന്നാണ്. ഭരണഘടനയുടെ 14ാം അനുഛേദപ്രകാരം ഇന്ത്യയിൽ ആണിനും പെണ്ണിനും തുല്യ പദവിയാണ്. ഏതു വിധത്തിലുള്ള വിവേചനങ്ങളിൽനിന്നും ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യ സംരക്ഷണം ഉറപ്പാക്കുന്നു. എന്നിട്ടും, ഇന്ത്യൻ സാഹചര്യത്തിൽ കുടുംബ, സാമൂഹിക വ്യവസ്ഥകൾ സ്ത്രീകൾക്ക് സങ്കീർണമായ വെല്ലുവിളികളാണ് ഉയർത്തുന്നത്.
സ്വാതന്ത്ര്യത്തിന്‍റെ 75ാം നിറവിൽ നിൽക്കുമ്പോൾ ഇന്ത്യയുടെ പ്രഥമപൗര വനിതയാണ്. ഭരണയന്ത്രം തിരിക്കുന്നത് മുതൽ ബഹിരാകാശംവരെ എത്തിനിൽക്കുന്നു വനിതകളുടെ സാന്നിധ്യം. ഇന്ത്യയുടെ സമസ്ത മേഖലയിലെ മുന്നേറ്റത്തിനു പിന്നിലും പുരുഷനൊപ്പം സ്ത്രീകളും ഭാഗഭാക്കാകുന്നുണ്ട്. രാഷ്ട്രീയം, ശാസ്ത്രസാങ്കേതികം, കല, കായികം തുടങ്ങി എല്ലാ മേഖലകളിലും മുന്നേറ്റത്തിനു പിറകിൽ സ്ത്രീശക്തികളുണ്ട്.
സ്വാതന്ത്ര്യസമരത്തിൽ പുരുഷന്മാർക്കൊപ്പം ആവേശപൂർവം അണിചേർന്ന വനിതകളേറെയുണ്ട്. രാഷ്ട്രപുനർനിർമാണത്തിൽ ഭാഗഭാക്കായ സ്ത്രീകളും അനവധി.
അവരിലാദ്യം പരാമർശിക്കേണ്ട പേരാണ് ദാക്ഷായണി വേലായുധന്റെത്. ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ബിരുദധാരിയായ ആദ്യ വനിതയും ഇന്ത്യയുടെ ഭരണഘടന നിർമാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാളുമാണ് ദാക്ഷായണി വേലായുധൻ. ഭരണഘടനസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദലിത് വനിതയാണ് ഇവർ. സ്ത്രീക്കും ദലിതനുമുൾപ്പെടെ അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കാണുന്ന ഭരണഘടനയെ വാർത്തെടുത്തവരിൽ നിർണായകപങ്കാളി. യു.എൻ പൊതുസഭയുടെ പ്രസിഡന്‍റാകുന്ന ആദ്യ വനിതയാണ് വിജയലക്ഷ്മി പണ്ഡിറ്റ്. ജവഹർലാൽ നെഹ്റുവിന്‍റെ സഹോദരിയായ വിജയലക്ഷ്മി വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറായും പ്രവർത്തിച്ചു.
ലോക്സഭ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറാണ് മീരാ കുമാർ. രാഷ്ട്രപതി പദവിയിലേക്ക് രാംനാഥ് കോവിന്ദിനെതിരെ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥിയായിരുന്നു ഇവർ.
രാജ്യംകണ്ട ഏറ്റവും ശക്തയായ വനിതയെന്നറിയപ്പെടുന്നു ഇന്ദിര ഗാന്ധി. രാജ്യത്തിന്‍റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ഇവർ വേറിട്ട ശക്തമായ നിലപാടുകൾകൊണ്ട് കൈയടി വാങ്ങി. അടിയന്തരാവസ്ഥയിലൂടെ കുപ്രസിദ്ധിയും നേടി.
2007ൽ പ്രതിഭ ദേവി സിങ് പാട്ടീൽ ഇന്ത്യയുടെ പ്രഥമ വനിത രാഷ്ട്രപതിയായി. രാജസ്ഥാന്‍റെ ആദ്യ വനിത ഗവർണർ എന്ന പദവിയും ഇവരുടെ പേരിലാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആദ്യ ഗോത്ര വനിതയായി ദ്രൗപതി മുർമു മറ്റൊരു ചരിത്രമെഴുതി. ഝാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറും ഒഡിഷയിൽനിന്ന് ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണറായി നിയമിക്കപ്പെട്ട ഗോത്രവിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ നേതാവുമായിരുന്നു അവർ.
സുചേതാ കൃപലാനി ആദ്യ വനിതാ മുഖ്യമന്ത്രിയായതിലൂടെ ഭരണചരിത്രത്തിന്‍റെ ഭാഗമായി. 1963ലാണ് ഇവർ ഉത്തർപ്രദേശിന്‍റെ മുഖ്യമന്ത്രിയായത്. എന്നാൽ അവിടിന്നിങ്ങോട്ട് ഒരുപാട് വനിത മുഖ്യമന്ത്രിമാരൊന്നും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. സ്ത്രീമുന്നേറ്റം സംബന്ധിച്ച കാര്യമായ മുന്നേറ്റമില്ലാത്ത മേഖലയാണ് ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയം.
അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പ്രകാരം ലോക്സഭയിൽ 14.44 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം. പാർലമെന്‍റിലെ മൊത്തം വനിതാപ്രാതിനിധ്യം 10.5 ശതമാനവും. സംസ്ഥാനങ്ങളിലെ നിയമസഭകളിലെ വനിതാപ്രാതിനിധ്യം ശരാശരി ഒമ്പതുശതമാനം മാത്രമാണ്.
സ്വാതന്ത്ര്യസമരചരിത്രത്തിൽ മറക്കാനാവാത്ത പേരാണ് ക്യാപ്റ്റൻ ലക്ഷ്മിയുടെത്. ലക്ഷ്മി സഹ്ഗാൾ അഥവാ ലക്ഷ്മി സ്വാമിനാഥൻ എന്നുമറിയപ്പെടുന്ന ഇവർ രാഷ്ട്രപതി പദവിയിലേക്ക് എ.പി.ജെ. അബ്ദുൽ കലാമിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. മൃണാളിനി സാരാഭായി സഹോദരിയാണ്. മാതാവ് അമ്മു സ്വാമിനാഥനും സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പ്രവർത്തകയുമായിരുന്നു.
ഇന്ത്യൻ ശാസ്ത്രരംഗത്തെ തിളക്കമാർന്ന പേരാണ് ടെസി തോമസിന്റെത്. ഇവർ രാജ്യത്ത് ഒരു മിസൈൽ പദ്ധതി നയിക്കുന്ന ആദ്യവനിതയാണ്. ഇന്ത്യയുടെ മിസൈൽ വനിതയെന്നും അഗ്നിപുത്രിയെന്നും അറിയപ്പെടുന്ന ടെസി ഡി.ആർ.ഡി.ഒയിലെ മുഖ്യശാസ്ത്രജ്ഞയാണ്. അഗ്നി-ഫൈവ് ഭൂഖണ്ഡാന്തര മിസൈലിന്‍റെ പ്രോജക്ട് മേധാവിയായിരുന്നു ഈ ആലപ്പുഴക്കാരി.
കൽപന ചൗള ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ആദ്യ വനിതയാണ്. രണ്ടുതവണ ബഹിരാകാശത്തേക്ക് പോകാന്‍ അവസരം ലഭിച്ച ആദ്യ ഇന്ത്യന്‍ വനിതയുമാണിവർ. രണ്ടാമത്തെ ബഹിരാകാശയാത്രയിൽ കൊളംബിയ എന്ന പേടകം തകർന്നാണ് മറ്റ് ആറ് യാത്രികർക്കൊപ്പം കൽപനയും മരിച്ചത്. ഇന്ത്യ കണ്ട ഗണിതശാസ്ത്രപ്രതിഭകളിൽ പ്രമുഖയാണ് ശകുന്തള ദേവി. 'മനുഷ്യ കമ്പ്യൂട്ടർ' എന്നറിയപ്പെടുന്ന ഇവർ എഴുത്തുകാരി എന്ന നിലയിലും പ്രശസ്തയാണ്. ലോകാരോഗ്യസംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ് എം.എസ്. സ്വാമിനാഥന്‍റെ മകളാണ്.
കളിക്കളത്തിൽ പെൺതാരങ്ങൾ മികവിലും എണ്ണത്തിലും ഒട്ടും കുറവല്ല. ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും ഒപ്പത്തിനൊപ്പം ആവേശവുമായി വനിതകളുണ്ട്. ഇന്ത്യയുടെ കായികഭൂപടത്തിൽ തിളങ്ങി അഭിമാനതാരങ്ങളായ പെൺപ്രതിഭകെള എണ്ണിയാൽത്തീരില്ല. സാനിയ മിർസ ആറ് പ്രധാന ടൈറ്റിലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത ടെന്നിസ് താരമാണ്. 91 ആഴ്ചകളോളം ഇവർ തുടർച്ചയായി വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പറായി തുടർന്നു. മേരി കോം ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയ ബോക്സിങ് താരമായി.
മിതാലി രാജ് അന്താരാഷ്ട്ര വനിത ക്രിക്കറ്റിലെ ടോപ് സ്കോററാണ്. ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിനെ രണ്ടുവട്ടം നയിച്ച ഒരേയൊരു ക്യാപ്റ്റനും മിതാലിയാണ്.
സൈന നെഹ് വാൾ ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്‍റൺ കളിക്കാരിയാണ്. ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യവനിതയും രണ്ടാമത്തെ ഇന്ത്യൻ ബാഡ്മിന്‍റൺ താരവുമാണ്. പി.വി. സിന്ധുവാണ് ബാഡ്മിന്‍റണിൽ ഒളിമ്പിക് വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ. തുടർച്ചയായി രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്ന പ്രഥമ ഇന്ത്യൻ വനിതയുമാണിവർ. ഇന്ത്യന്‍ കായികരംഗം കണ്ട മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് പി.ടി. ഉഷ. ഇന്ത്യ കണ്ട എന്നത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി. ഉഷയെ കണക്കാക്കുന്നത്.
400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ പി.ടി. ഉഷക്ക് ഒളിമ്പിക്സ് മെഡല്‍ നഷ്ടമായി. ഇന്ത്യയിലേക്ക് അന്താരാഷ്ട്ര മെഡലുകൾ കൊണ്ടുവന്ന വനിതകളുടെ നിര നീളും.
ഇന്ത്യൻ കലാരംഗത്തിന്‍റെ മികവ് വാനോളം ഉയർത്തിയ വനിതകൾ നിരവധിയാണ്. രുഗ്മിണി ദേവി അരുണ്ഡേൽ ഭരതനാട്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നർത്തകിയാണ്. മൃണാളിനി സാരാഭായിയും മകൾ മല്ലിക സാരാഭായിയും ഇന്ത്യൻ ശാസ്ത്രീയനൃത്തശാഖകൾക്ക് ശ്രദ്ധേയ സംഭാവനകൾ നൽകി.
സുസ്മിത സെൻ 1994ൽ ആദ്യമായി വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചു. ലാറ ദത്ത, ഹർനാസ് കൗർ സന്ധു എന്നിവരിലൂടെ രണ്ടുതവണ കൂടി വിശ്വസുന്ദരിപ്പട്ടം രാജ്യത്തെത്തി.
റീത്താ ഫാരിയ ലോകസുന്ദരിപ്പട്ടം (1966) നേടിയ ആദ്യ ഏഷ്യക്കാരിയാണ്. 1994ൽ ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച ഐശ്വര്യ റായി ലോകത്തിലെ ഏറ്റവും സുന്ദരികളിൽ ഒരാളെന്ന ഖ്യാതി നേടി.
മാൻ ബുക്കർ പുരസ്കാരത്തിളക്കത്തിലേക്ക് രാജ്യത്തെ ഉയർത്തിയ വനിതകളാണ് അരുന്ധതി റോയിയും കിരൺ ദേശായിയും. മലയാളിവേരുകളുള്ള അരുന്ധതി റോയിയുടെ 'ദ ഗോഡ് ഓഫ് സ്മോൾ തിങ്സി'നാണ് പുരസ്കാരം. സാമൂഹികവിഷയങ്ങളിലെ ശ്രദ്ധേയ നിലപാടും വ്യത്യസ്തയാക്കുന്നു. കിരൺ ദേശായിയുടെ 'ദ ഇൻഹെറിറ്റൻസ് ഓഫ് ലോസ്' എന്ന പുസ്തകവും മാൻ ബുക്കർ നേടി. ബുക്കർ പുരസ്കാരത്തിന് മൂന്നു പ്രാവശ്യം ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പ്രശസ്ത എഴുത്തുകാരി അനിത ദേശായിയുടെ മകളാണവർ.
ജുമ്പ ലാഹിരി പുലിറ്റ്സർ സമ്മാനം നേടിയ ഇന്ത്യൻ വംശജയായ എഴുത്തുകാരിയാണ്. 'ഇന്‍റർപ്രട്ടർ ഓഫ് മാലഡീസ്' എന്ന പുസ്തകമാണ് അവരെ അവാർഡിനർഹയാക്കിയത്.
ആഗോളപ്രശസ്തിയിലേക്കുയർന്ന മലയാളി എഴുത്തുകാരിയാണ് കമല സുറയ്യ. കമലദാസ് എന്നപേരിൽ ഇംഗ്ലീഷിലെഴുതി. സ്ത്രീപക്ഷ രചനകളുടെ പേരിൽ ഏറെ പഴിേകട്ടു.
ജന്മംകൊണ്ട് ഇന്ത്യക്കാരിയല്ലെങ്കിലും കർമംകൊണ്ടും പൗരത്വംകൊണ്ടും ഇന്ത്യക്കാരിയായ മദർ തെരേസ നൊബേൽ സമാധാന സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്.
മണിപ്പൂരിന്‍റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന മനുഷ്യാവകാശപ്രവർത്തകയാണ് ഇറോം ചാനു ശർമിള. മണിപ്പൂരിലെ സായുധസേന സവിശേഷാധികാര നിയമത്തിനെതിരെ (അഫ്സ്പ) 16 വർഷമാണ് അവർ നിരാഹാരസമരമനുഷ്ഠിച്ചത്. സമരം അവസാനിപ്പിച്ചശേഷം അവർ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയമാണ് നേരിടേണ്ടിവന്നത്. വിവാഹിതയായ അവർ കുടുംബജീവിതത്തിലേക്ക് തിരിയുകയും ചെയ്തു. നർമദ ബചാഓ ആന്ദോളന്‍റെ മുന്നണിപ്രവർത്തകയെന്ന നിലയിൽ ലോകശ്രദ്ധ നേടിയ പരിസ്ഥിതിപ്രവർത്തകയാണ് മേധ പട്കർ.
ബചേന്ദ്രി പാൽ ആണ് എവറസ്റ്റ് കയറിയ ആദ്യ ഇന്ത്യക്കാരി. അരുണിമ സിൻഹ കൃത്രിമക്കാലുമായി എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ആദ്യ ഇന്ത്യക്കാരിയുമാണ്. കിരൺ ബേദി ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. യു.എൻ സിവിൽ പൊലീസ് അഡ്വൈസറായി നിയമിക്കപ്പെട്ട ആദ്യ വനിതയും ഇവരാണ്.
രാജ്യത്തെ ഏത് സമരങ്ങളുടെയും മുൻനിരയിൽ സ്ത്രീകളുമുണ്ട് ഇന്ന്. സർവകലാശാലകളെ ഇളക്കിമറിച്ച പൗരത്വ സമരങ്ങളിലടക്കംപുതുതലമുറയിലെ പെൺപോരാളികളുടെ കരുത്തുറ്റ ഇടപെടലുകളുണ്ട്. ഡൽഹിയിൽ സമരജ്വാല തീർത്ത അയിഷ റെന്ന മലയാളത്തിളക്കം കൂടിയായി. ഏത് ജനമുന്നേറ്റത്തിലും പെൺശബ്ദങ്ങൾ ഉയർന്നു കേൾക്കുന്നുമുണ്ട്.
മേൽപറഞ്ഞുപോയവരെല്ലാം അതത് മേഖലകളിൽ വഴിനടത്തിയവർ മാത്രമാണ്. ആരും ഒടുക്കമല്ല. കഠിനപ്രയത്നത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും പര്യായങ്ങളായാണ് ഇവരോരോരുത്തരും സ്വന്തം വിജയകഥയെഴുതുന്നത്. മാറ്റത്തിന്‍റെ പെണ്ണുലകം രാജ്യത്ത് പതിയെ പൂത്തുലയുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.